പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് അമിതാവേശം; പൊലീസുകാരനെതിരെ നടപടി നാളെ

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ കെ-റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി റൂറൽ എസ്.പിക്ക് നൽകിയ റിപ്പോർട്ടിലാണ് മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷെബീറിന്‍റേത് ശരിയായ നടപടിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത്. അമിത ബലപ്രയോഗം കാണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പൊലീസുകാര‍െൻറ ഭാഗത്തുനിന്നുണ്ടായത് അമിതാവേശമാണ്.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പൊലീസുകാരനെതിരെ ഇന്ന് നടപടിയെടുത്തേക്കും. വ്യാഴാഴ്ചയായിരുന്നു പൊലീസുകാര‍െൻറ ക്രൂരമായ നടപടിയുണ്ടായത്. ഉന്നത ഉദ്യോഗസ്ഥർ വിലക്കിയിട്ടും മർദനം തുടരുകയായിരുന്നു.

മുമ്പും നിരവധി തവണ ശിക്ഷാനടപടികൾക്ക് വിധേയനായ ആളാണ് ഷെബീർ. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ കഴക്കൂട്ടത്ത് ലോഡ്ജിൽ മദ്യപിക്കവെയുണ്ടായ സംഘട്ടനത്തെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മണ്ണന്തല സ്റ്റേഷനിലെത്തിയ ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് മോശമായ റിപ്പോർട്ടാണ് നൽകിയത്. സി.ഐയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അവിടെ നിന്നും മാറിയ ഷെബീർ വീടിന് സമീപമുള്ള മംഗലപുരം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം വാങ്ങിയതും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചായിരുന്നത്രേ. 

Tags:    
News Summary - Action against policeman tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.