തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിെൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഹണി ട്രാപ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപും എം.ബി. സന്തോഷും ചേർന്ന് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, ആ ഹരജി പിൻവലിച്ചെന്ന വിവരം പ്രദീപിെൻറ മരണശേഷമാണ് പുറത്തുവന്നത്.
ഹരജി പിൻവലിച്ച വിവരം സന്തോഷ് അറിഞ്ഞിട്ടില്ല. കിളിമാനൂർ സ്വദേശിയായ അഭിഭാഷകനാണ് കേസ് പിൻവലിച്ചത്. ഈ സംഭവങ്ങളൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തെ കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. മരിച്ചിട്ട് ഒരുമാസം ആകുമ്പോഴും പ്രദീപിെൻറ സുഹൃത്തുക്കളോട് പോലും പൊലീസ് വിവരങ്ങൾ ചോദിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല.
പ്രദീപിന് അപകടം സംഭവിക്കുമ്പോൾ തൊട്ടടുത്ത് ഒരു ബൈക്ക് വന്ന് നിന്നിരുന്നു. രണ്ടുപേർ സഞ്ചരിച്ച ആ ബൈക്ക് മരണം സ്ഥിരീകരിച്ച ശേഷം ഓടിച്ച് പോകുന്നതായി സി.സി.ടി.വി കാമറകളിൽനിന്ന് വ്യക്തമാണ്. അവരെക്കുറിച്ചും അന്വേഷിക്കണം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം അടക്കമുള്ള പരിപാടികളിലേക്ക് നീങ്ങാനാണ് ആക്ഷൻ കൗൺസിൽ തീരുമാനമെന്ന് കൺവീനർ കെ.എം. ഷാജഹാൻ പറഞ്ഞു.
തുടർന്ന് നിയമസഭയിലും വിഷയം ഉന്നയിക്കും. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വിവിധ പാർട്ടി അധ്യക്ഷന്മാർ, കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമീഷനുകൾ, ഡി.ജി.പി, കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ളവർക്കും നിവേദനം നൽകും. ഇതോടൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി, മാധ്യമപ്രവർത്തകരായ റോയ് മാത്യു, രാജേഷ് പിള്ള തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.