തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പ്രവർത്തനം സംബന്ധിച്ച് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച പൊതുജാഗ്രത അറിയിപ്പ് നിയമവിരുദ്ധമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സഹകരണ മന്ത്രി വി.എൻ. വാസവൻ റിസർവ് ബാങ്ക് ഗവർണർക്ക് കത്ത് നൽകി. ജാഗ്രതാനിർദേശം സഹകരണ സംഘങ്ങളിലെ സാധാരണ അംഗങ്ങളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂവെന്നും കത്തിൽ പറയുന്നു.
സഹകരണ സംഘങ്ങൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ 'ബാങ്കിങ്' എന്നതിെൻറ നിർവചനത്തിന് കീഴിൽ തരംതിരിക്കാൻ കഴിയില്ലെന്നും 1949ലെ ബാങ്കിങ് െറഗുലേഷൻ ആക്ട് നൽകുന്ന നിർവചനം അനുസരിച്ച് അതിനെ ബാങ്കിങ് കമ്പനി എന്ന് വിളിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗങ്ങളിൽനിന്ന് നിക്ഷേപ ശേഖരണവും അവർക്ക് വായ്പ അനുവദിക്കലുമാണ് സഹകരണ സംഘങ്ങളുടെ പ്രധാന പ്രവർത്തനം.
അംഗത്വമില്ലാത്തവർക്കോ സ്ഥാപനങ്ങൾക്കോ വായ്പ നൽകുന്നില്ല. വായ്പ അനുവദിക്കുന്നതിനൊപ്പം കാർഷിക അനുബന്ധ മേഖലകളിൽ സഹകരണ സംഘങ്ങൾ മറ്റ് സേവനങ്ങളും നൽകുന്നു. ജാഗ്രതാ നോട്ടീസ് സംഘങ്ങളിലെ അംഗങ്ങൾക്കിടയിൽ അനാവശ്യ പരിഭാന്ത്രി പരത്തിയിട്ടുണ്ട്.
സജീവ അംഗങ്ങൾക്കും നാമമാത്ര അസോസിയേറ്റ് അംഗങ്ങൾക്കും സൊസൈറ്റിയിൽ പണം നിക്ഷേപിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും അർഹതയുണ്ട്. 2019ലെ സുപ്രീംകോടതി വിധിപ്രകാരം അംഗങ്ങളിൽ നാമമാത്ര അംഗങ്ങളും ഉൾപ്പെടുമെന്നും പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ അംഗമല്ലാത്തവർക്ക് വായ്പ നൽകുന്നത് നിയമവിരുദ്ധമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അംഗമല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങൾ/ അസോസിയേറ്റ് അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് ബി.ആർ നിയമത്തിെൻറ ലംഘനമാണെന്ന നോട്ടീസിലെ മുന്നറിയിപ്പ് നിലനിൽക്കില്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഗാരൻറി സ്കീം പ്രകാരം ഗാരൻറി ഉറപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാലിനും കത്തയച്ചിട്ടുണ്ട്. ആർ.ബി.ഐ നടപടിക്കെതിരെ നേരേത്ത തീരുമാനിച്ചതുപ്രകാരമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.