കൈതാങ്ങായി അല്ലു അർജുൻ; 'ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കു'മെന്ന് ആലപ്പുഴ കലക്ടർ

ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് നടൻ അല്ലു അർജുൻ ഏറ്റെടുത്തതായി ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണ തേജ. തന്റെ അഭ്യർഥനയിലാണ് അല്ലു അര്‍ജുൻ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറായതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം 'വീ ആർ ഫോർ' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ ഏറ്റെടുത്തത്. ഇതു സംബന്ധിച്ച പോസ്റ്റ് കലക്ടർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

പ്ലസ്ടു 92 ശതമാനം മാർക്കോടെ വിജയിച്ച പെൺകുട്ടി തുടർപഠനത്തിന് വഴിയില്ലതെയാണ് സഹായനമഭ്യർഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയത്. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ‌ തുടർ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥിനി. കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സഹായം അഭ്യർഥിച്ച കലക്ടർ നടൻ അല്ലു അർജുനെ ബന്ധപ്പെടുന്നത്.

വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നൽകിയ അല്ലു അര്‍ജുൻ നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.

പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരുന്ന വി ആർകൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് 'ഐ ആം ഫോർ ആലപ്പി'. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. കോവിഡിൽ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

കലക്ടറുടെ കുറിപ്പിന്റെ പൂർണ രൂപം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.


നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ.Allu Arjun നെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെൻറ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. Allu Arjun, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങൾ എല്ലാവര്‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

Tags:    
News Summary - Actor Allu Arjun has taken over the student's education expenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.