ചക്കരേ, എവിടെയാ... ഹൃദയം നുറുങ്ങി നടൻ ദുൽഖർ സൽമാന്റെ കുറിപ്പ്

ഇന്നലെ രാത്രി അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെയാണ് സഹപ്രവർത്തകരായ നടീനടൻമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. നടൻ ദുൽഖർ സൽമാനും കെ.പി.എ.സി ലളിതയുമായുള്ള ഓർമകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചു. ഏറെ ഹൃദയ സ്പൃക്കായ വരികളാണ് ലളിതയെ കുറിച്ച് നടൻ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് നടൻ കുറിപ്പ് പങ്കുവെച്ചത്.

'അഭിനേത്രി എന്ന നിലയിൽ അവർ ഒരു മജീഷ്യയായിരുന്നു. ചക്കരേ എവിടെയാ എന്ന് ചോദിച്ചായിരുന്നു ഞങ്ങൾ എന്നും സംസാരിച്ച് തുടങ്ങിയിരുന്നതെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. കെ.പി.എ.സി ലളിതയോടൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചു. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് 'എന്ന സിനിമയിൽ ഇരുവരുടെയും കഥാപാത്രങ്ങൾ ഏറെ പ്രേഷക ശ്രദ്ധനേടിയിരുന്നു.

ദുൽഖറിന്റെ കുറിപ്പിൽനിന്ന്:

വെള്ളിത്തിരയിലെ എന്റെ ഏറ്റവും മികച്ച ജോടി. ഏറ്റവും സ്‌നേഹം തോന്നിയ സഹപ്രവർത്തക. അഭിനേത്രി എന്ന നിലയിൽ അവർ ഒരു മജീഷ്യയായിരുന്നു. സ്വന്തം പ്രതിഭയെ പുഞ്ചിരിയുടെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഈ ചിത്രങ്ങൾ ഞങ്ങൾ അവസാനം ഒരുമിച്ചപ്പോൾ എടുത്തതാണ്. എപ്പോഴും കലഹിക്കുന്ന അമ്മയും മകനുമായി തന്നോടൊപ്പം സിനിമ ചെയ്യണമെന്ന് അവർ നിരന്തരം പറയുമായിരുന്നു. അതിന് ഞങ്ങൾക്ക് സമയം ലഭിക്കുമെന്ന് കരുതി. ഞങ്ങൾ പരസ്പരം അയക്കുന്ന ഓരോ സന്ദേശവും ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു.

ചക്കരേ എവിടെയാ...

ചൊവ്വാഴ്ച രാത്രിയാണ് നടി കെ.പി.എ.സി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. നടിയുടെ മരണവാർത്തയറിഞ്ഞ് അന്ത്യോപചാരമർപ്പിക്കാനായി സാമൂഹിക രാഷ്ട്രീയ സിനിമ രംഗത്തെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടൻമാരായ മോഹൻലാൽ,മമ്മൂട്ടി, ദിലീപ്, പൃഥിരാജ്, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറംമൂട്, ടിനിടോം, കുഞ്ചാക്കോബോബൻ,ജയസൂര്യ നടിമാരായ മഞ്ജുവാര്യർ, മഞ്ജുപിള്ള, രചനനാരായണൻ കുട്ടി തുടങ്ങി നിരവധി പേർ കെ.പി.എ.സി ലളിതയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനായി തൃപ്പൂണിത്തുറ ലായം കൂത്തുപറമ്പിലേക്ക് നിരവധി പേരാണ് എത്തുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം വടക്കാഞ്ചേരിയിലാണ് സംസ്കാരം. 

Tags:    
News Summary - actor dulqur salman about kpac laitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.