കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. ഉച്ചക്ക് രണ്ടുമണി മുതൽ മൂന്ന് മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്നും ലഭിച്ചെന്നാണ് സൂചന.
ഇന്നലെ നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകകളെക്കുറിച്ചും ഓഡിയോ സംഭാഷണങ്ങളെക്കുറിച്ചും ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍നമ്പറുകളെകുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടി ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിന്റെ നടപടി.
നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ടെലിവിഷൻ ചർച്ചയിൽ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. മഞ്ജു ക്ഷേത്രത്തിൽ ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരക്ക് വിളിച്ച് മോശമായ രീതിയിൽ സംസാരിച്ചതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
തന്റെ അക്കൗണ്ട് ഫ്രീസ് ആയിരിക്കുകയാണെന്നും പൈസ ഇല്ലെന്നും അതിനാൽ ഡാന്‍സ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞതായും ഭാഗ്യലക്ഷ്മി പറഞ്ഞു. ഗുരുവായൂരിൽ ഡാൻ അവതരിപ്പിക്കുന്നതിന് സ്റ്റേജില്‍ കയറുന്നതിന് മുൻപ് അനുഗ്രഹം ചോദിച്ച് വിളിച്ച മഞ്ജുവിനോട് ദിലീപ് മോശമായി സംസാരിച്ചു. ദിലീപിന്റെ സഹോദരനായ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. കോടതിയില്‍ മഞ്ജുവിനെ മദ്യപാനിയും മോശം സ്വഭാവക്കാരിയായും ചിത്രീകരിക്കുന്നതായിരുന്നു ശബ്ദരേഖ. ഇതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.