കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയുടെ (സുനിൽകുമാർ) അമ്മ ശോഭനയുടെ മൊഴി രേഖപ്പെടുത്തി. സുനി അമ്മയ്ക്ക് കൈമാറിയ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് മൊഴിയെടുപ്പ്. 2018 മേയ് ഏഴിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുനി അമ്മയ്ക്ക് കത്ത് കൈമാറിയത്. കേസിൽ വഴിത്തിരിവായ കത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്ത് വിടുന്നതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് ഏൽപ്പിച്ചതെന്നും ശോഭന പറഞ്ഞു.
ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ല. പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴിയെടുത്തത്. ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. ദിലീപിനെ അഭിസംബോധന ചെയ്തുകൊണ്ട് പൾസർ സുനി എഴുതിയ കത്തിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല. ദിലീപിന് വേണ്ടിയാണ് കൃത്യം നടത്തിയത്. 2015ൽ കൊച്ചിയിലെ ഹോട്ടലിലാണ് ഗൂഢാലോചന നടന്നതെന്ന് കത്തിൽ പറയുന്നു.
കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസമാണ് വിചാരണകോടതി അനുമതി നൽകിയത്. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ നടൻ ദിലീപ് വീട്ടിൽ വെച്ച് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിെൻ മൊഴിയെടുത്തിരുന്നു.
സാക്ഷിവിസ്താരം ആവർത്തിക്കുന്നത് വിചാരണ വൈകിക്കില്ലേ- കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ വൈകാൻ കാരണമാകില്ലേയെന്ന് ഹൈകോടതി. സാക്ഷികളെ രണ്ടാമത് വിസ്തരിക്കാൻ മതിയായ കാരണം വേണം. മാസങ്ങൾക്കുശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമുന്നയിക്കുന്നതെന്നത് കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണിതെന്ന സംശയം എതിർകക്ഷികളിൽ ഉണ്ടാക്കുന്നുണ്ട്. പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാണിതെന്നും ആരോപണമുണ്ട്. പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചുവരുത്തണമെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വാക്കാൽ നിരീക്ഷണമുണ്ടായത്.
ഈ ആവശ്യങ്ങളുന്നയിച്ച് പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ചില സാക്ഷികളെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്തുബന്ധമെന്നും ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും കോടതി ആരാഞ്ഞു. അധിക തെളിവുകൾ പരിശോധിക്കുന്നതിന് തടസ്സമെന്തെന്ന് പ്രതിഭാഗത്തോടും ചോദിച്ചു. കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്നായിരുന്നു നടൻ ദിലീപിന്റെ അഭിഭാഷകന്റെ വാദം. കക്ഷികളുടെ വാദം പൂർത്തിയായതിനെത്തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.