ഇനി വേദനകളില്ലാത്ത ലോകത്ത്​-അർബുദത്തോട്​ പൊരുതിയ നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: ബ്രെയിൻ ട്യൂമറിനോടു പൊരുതി നിരവധി പേർക്ക്​ അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശിധരൻ അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്‍റിലേറ്റർ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു. ജൂൺ 10ന് കോവിഡ്​ നെഗറ്റീവ് ആയതിനെ തുടർന്ന് മുറിയിലേക്കു മാറ്റി. എന്നാൽ പനി കൂടിയതിനെ തുടർന്ന്​ വെന്‍റിലേറ്റർ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. പിന്നീട്​ സ്​ഥിതി വഷളാകുകയും ചെയ്​തു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യക്ക്​ 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടും പതിനൊന്ന്​ ശസ്​ത്രക്രിയകൾ നടന്നിരുന്നു. നിരവധി തവണ ആത്മവിശ്വാസം കൊണ്ട്​ ട്യൂമറിനെ തോൽപ്പിച്ച്​ ജീവിതത്തിലേക്ക്​ തിരിച്ചുവന്ന ശരണ്യ അർബുദബാധിതരുടെ അതിജീവനത്തിന്​ എന്നും​ പ്രചോദനമായിരുന്നു. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായി ഡോക്ടർമാരും വിലയിരുത്തിയിരുന്നു.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. 'ചാക്കോ രണ്ടാമൻ' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

Tags:    
News Summary - Actress Saranya died of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.