കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. സംവിധായകർ മോശമായി പെരുമാറുന്നതായി സഹപ്രവർത്തകർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ദുരനുഭവമുണ്ടായ കുട്ടികൾതന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതിൽ പല കാര്യങ്ങളും നമ്മൾ നേരത്തേ അറിഞ്ഞതാണ്. ഇപ്പോൾ ഈ റിപ്പോർട്ട് വന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അവർ പറഞ്ഞു.
സിനിമാ മേഖലയിൽ മൊത്തത്തിൽ അത്തരം ആളുകളാണെന്ന് പറയാനാവില്ല. കുറച്ചുപേർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി കൊടുക്കാൻ തയാറാവണം. പരാതി കൊടുത്തില്ലെങ്കിൽ ഇനിയും ഇതുതന്നെ നടക്കുമെന്നും അവർ വ്യക്തമാക്കി. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. ആ സമയം പിതാവിനോടൊപ്പമാണ് താൻ പോയത്. പിന്നീട് സെറ്റിലേക്ക് വന്നപ്പോൾ ഈ വ്യക്തി വളരെ മോശമായാണ് പെരുമാറിയത്. നന്നായി അഭിനയിച്ചാലും മോശമെന്ന് പറഞ്ഞ് അപമാനിക്കും. സഹികെട്ട് സംവിധായകനെ ചെരുപ്പൂരി അടിക്കാൻ പോയിട്ടുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുണ്ട്. രണ്ട്, മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ വാർത്തകളെല്ലാം മുങ്ങിപോവാറാണ് പതിവ്. തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇനിയുള്ള തലമുറക്കെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യാൻ സാധിക്കണം. ഇതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.