തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ആർ.എസ്.എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അന്വേഷണത്തിന്റെ ഭാവിയിൽ ആശങ്ക. പ്രതിപക്ഷമുൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് അന്വേഷണ നിർദേശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. കൂടിക്കാഴ്ചയിൽ സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കിൽ മാത്രമേ നടപടിക്ക് സാധ്യതയുള്ളൂ. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർ.എസ്.എസിന്റെ ഉന്നത നേതാക്കളായ ഹൊസബാലെയുടെയും രാം മാധവിന്റെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിയില്ല. അതേസമയം, അജിത് കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് നേതാവ് എ. ജയകുമാറിന്റെയും കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവരുടെയും മൊഴിയെടുക്കാനാണ് ഡി.ജി.പിയുടെ തീരുമാനം.
2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്റെ 10ാം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് അന്വേഷിക്കുക.
ഈ കൂടിക്കാഴ്ചകളിൽ സർവിസ് ചട്ടലംഘനമുണ്ടോ എന്ന കണ്ടെത്തലിനാണ് മുൻഗണന. എ.ഡി.ജി.പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, കൂടിക്കാഴ്ചക്ക് അനുമതി തേടിയോ എന്നീ കാര്യങ്ങൾ അന്വേഷിക്കും.
എന്നാൽ, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമോ, കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തൽ ശ്രമകരമാണ്. എ.ഡി.ജി.പിയുടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിനപ്പുറം അന്വേഷണം മുന്നോട്ടു പോകില്ലെന്ന് ചുരുക്കം.
സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ കണ്ടെത്തിയാലും നിയമലംഘനമായി കണക്കാക്കാനാവില്ലെന്നും സ്വകാര്യ സന്ദർശനമായിരുന്നു എന്ന് വിശദീകരിച്ചാൽ അന്വേഷണത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റായാണ് അജിത്കുമാറിന്റെ കൂടിക്കാഴ്ചയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.