ഷംസീറിനെതിരെ ബിനോയ് വിശ്വം; എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച പ്രസ്താവന ഒഴിവാക്കേണ്ടത്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിനെ ന്യായീകരിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീർ അങ്ങനെ പറയരുതായിരുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

ആർ.എസ്.എസ് ഒരു കാലത്ത് നിരോധിച്ച സംഘടനയാണ്. ഷംസീറിനെ പോലുള്ള ഒരാൾ അത്തരം പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഊഴം വച്ച് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് എന്തിനെന്നും കൂടിക്കാഴ്ചയുടെ പൊരുൾ അറിയാൻ അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ ഇന്നലെ കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. വ്യക്തികൾ പരസ്പരം കാണുന്നതിൽ തെറ്റില്ലല്ലോ. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അജിത് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു.

കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടതില്ല. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിന്‍റെ പ്രധാനപ്പെട്ട രണ്ടു നേതാക്കളെ എ.ഡി.ജി.പി കണ്ടതിൽ അപാകതയില്ലെന്നും എ.എൻ. ഷംസീർ വ്യക്തമാക്കിയിരുന്നു.

അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്ക് ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ആര്‍.എസ്.എസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - ADGP-RSS meeting: Binoy Vishwam against Speaker Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.