പനമരം (വയനാട്): വയലിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടികൾ കളിച്ച വയലിന്‍റെ ഉടമസ്ഥനായ നടവയൽ താഴെ നെയ്ക്കുപ്പ സ്വദേശി എ.ജി. രാധാകൃഷ്ണനെയാണ് (48) മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നടവയൽ നെയ്ക്കുപ്പ ചക്കിട്ടപൊയിൽ പണിയ കോളനിയിലെ മൂന്ന് ആൺകുട്ടികൾക്കാണ് സ്വാതന്ത്ര്യദിനത്തിൽ ക്രൂരമായ മർദനമേറ്റത്. ഇതിനിടെ, കുട്ടികളെ മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷണൻ ശിശുസംരക്ഷണ സമിതിയോട് റിപ്പോർട്ട് തേടി. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടികൾ വയലിൽ കളിച്ചുകൊണ്ടിരിക്കെ അയൽവാസി കൂടിയായ രാധാകൃഷ്ണൻ ശീമക്കൊന്നയുടെ വടിയുമായി എത്തി കുട്ടികളെ അടിക്കുകയായിരുന്നു. മർദനത്തിൽ കുട്ടികളുടെ കാലിനും പുറത്തും പരിക്കേറ്റു.
കളിക്കുന്നതിനിടെ വയലിലെ വരമ്പ് ചവിട്ടിനശിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദനം. സംഭവം വിവാദമായതോടെ ഒളിവിൽ പോയ പ്രതിയെ ബുധനാഴ്ച 11.30ഓടെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കഴിഞ്ഞ ദിവസം കേണിച്ചിറ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷയത്തിൽ സ്വമേധയാ ഇടപെട്ടാണ് സംസ്ഥാന ബാലാവകാശ കമീഷണൻ ശിശുസംരക്ഷണ സമിതിയോട് റിപ്പോർട്ട് തേടിയത്. കുട്ടികൾക്കേറ്റത് ക്രൂരമായ മർദനമാണെന്നും കമീഷൻ നിരീക്ഷിച്ചു. മർദനത്തെ തുടർന്ന് കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിന് വിധേയമായതായി കോളനി സന്ദർശിച്ച ചൈൽഡ് ലൈൻ പ്രവർത്തകരും പറഞ്ഞു.
കുട്ടികൾക്ക് ആഴ്ചകളോളം കൗൺസലിങ് ആവശ്യമായിവരുമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചൈൽഡ് ലൈൻ ജില്ല കോഓഡിനേറ്റർ ദിനേശ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.