കാഞ്ഞങ്ങാട്: ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ എം.ബി. മൂസ ഹാജിയുടെ ഓർമക്ക് എം.ബി. മൂസ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസിന് സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്കാരം. വാദി ഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കൗസർ ട്രസ്റ്റ് കണ്ണൂർ, ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ -മതസ്ഥാപനങ്ങളുടെ തലപ്പത്തുള്ള ഹംസ അബ്ബാസ് ‘മാധ്യമം’ ദിനപത്രം 1987 ജൂൺ ഒന്നിന് കോഴിക്കോട് ആരംഭിച്ചത് മുതൽ അതിന്റെ ചെയർമാനും മുഖ്യപത്രാധിപരുമായിരുന്നു. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ എട്ട് എഡിഷനുകളുള്ള ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്ററായി പ്രവർത്തിച്ചുവരുകയാണ്.
ഫെബ്രുവരി അവസാനം യു.എ.ഇയിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.ബി.എം. അഷ്റഫ്, ജന. സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, സെക്രട്ടറി എം. ഇബ്രാഹിം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.