നിലമ്പൂർ: വനനിയമ ഭേദഗതിക്കെതിരെയും വന്യജീവി ആക്രമണങ്ങൾക്കെതിരെയും പി.വി. അൻവർ എം.എൽ.എ നടത്തുന്ന ജനകീയയാത്രയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം. യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അൻവർ നേരിട്ടും അല്ലാതെയും വിളിച്ച യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പഞ്ചായത്ത് പ്രസിഡന്റുമാരും നേതാക്കളും പങ്കെടുത്തിരുന്നു. വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിലാണ് യോഗം നടത്തിയത്.
നിലമ്പൂരിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലെ യോഗം എം.എൽ.എയുടെ യാത്രയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. വനനിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. അതേസമയം, അൻവറിന്റെ യാത്രയിൽ പങ്കെടുക്കേണ്ടെന്ന നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം എം.എൽ.എ വിളിച്ച യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്.
വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനചടങ്ങിൽ വയനാട് ഡി.സി.സി പ്രസിഡന്റ് എം.ടി. അപ്പച്ചൻ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തിരുവമ്പാടിയിൽ ശനിയാഴ്ച നടക്കുന്ന രണ്ടാം ദിന സമാപനത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറും ഞായറാഴ്ച എടക്കരയിൽ നടക്കുന്ന സമാപനത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇവരും വിട്ടുനിൽക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.