ജനാധിപത്യം സംരക്ഷിക്കാൻ കലാകാരൻമാർ രംഗത്തിറങ്ങണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഇന്ത്യൻ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ അണിനിരന്ന്, വർത്തമാന കാലത്തെ അപകടരമായ ജനാധിപത്യം സംരക്ഷിക്കാൻ കലാകാരൻമാർ രംഗത്തിറങ്ങണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഇപ്റ്റ സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.

ലോകത്ത് വിവിധരാജ്യങ്ങളിൽ ഉയർന്നുവന്ന ഏകാധിപതികളായ ഭരണാധികാരികൾ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടത് വിസ്മരിച്ചുകൂടാ. ബോധപൂർവമായി സൃഷ്ടിച്ച ബംഗാൾ ക്ഷാമകാലത്ത് കലാകാരൻമാർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുമാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റയുടെ ആവിർഭാവത്തിന് നിമിത്തമായത്.

ഇന്ത്യയിലെ ലബ്ധപ്രതിഷ്ഠരായ കലാകാരൻമാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും നേതാക്കളുടെ ഭാവനാപൂർവമായ ഇടപെടലിലൂടെയാണ് ഇപ്റ്റ വളർന്നുപന്തലിച്ചത്. സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ള ഇപ്റ്റയെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് കാലം ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി.വി ബാലൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചിറ്റയം ഗോപകുമാർ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ. ജയകുമാർ, വത്സൻ രാമംകുളത്ത്, ജില്ലാ സെക്രട്ടറി അഡ്വ.എം. സലാഹുദീൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 98 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 

Tags:    
News Summary - Adoor Gopalakrishnan wants artists to come forward to protect democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.