നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പി. പ്രസാദ്

തിരുവനന്തപുരം: നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടേയും പരോക്ഷമായി 1.36 കോടി രൂപയുടേയും നഷ്ടം കർഷകർക്കുണ്ടായിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു.മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഉത്പാദനത്തിൽ ഹെക്ടറിന് 500 മുതൽ 1000 കിലോ വരെ കുറവ് ഉണ്ടായി എന്നാണ് റിപ്പോർട്ട്.

മെയ് അവസാനം സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴ 7124 ഹെക്ടർ നെൽകൃഷിയേയും 9246 കർഷകരേയും ബാധിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എയിംസ് പോർട്ടലിലെ പ്രാഥമിക വിവര കണക്കു പ്രകാരം 106.86 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വിതച്ച നെല്ല് നഷ്ടപ്പെട്ടുപോയ കർഷകർക്ക് വീണ്ടും കൃഷി ഇറക്കുന്നതിനായി നെൽവിത്ത് സൗജന്യമായി നല്കുന്നതിനുള്ള ക്രമീകരണം 7.50 കോടി രൂപ വകയിരുത്തി കേരളസ്റ്റേറ്റ് സീഡ് ഡവലപ്പ്മെന്റ് അതോറിറ്റി വഴി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി മുഖേന ഇൻഷ്വർ ചെയ്തു വിളകൾക്ക് നാശനഷ്ടം സംഭവിക്കുമ്പോൾ പദ്ധതി മാനദണ്ഡങ്ങൾക്കും നിരക്കുകൾക്കും വിധേയമായി നഷ്ടപരിഹാരം നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ 33.14 കോടി രൂപ വകയിരുത്തി.

സാമ്പത്തിക സ്ഥിതി വിവര കണക്കുകൾ പ്രകാരം 2015-16 മുതൽ 2022-23 വരെയുള്ള വർഷങ്ങളിൽ സംസ്ഥാനത്തെ നെൽ കൃഷിയുടെ വിസ്തൃതിയിൽ നേരീയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും അരിയുടെ ഉത്പാദനത്തിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷം നെല്ലിന്റെ ഉല്ലാദനക്ഷമത സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തലമായ ഹെക്ടറിന് 4744 കിഗ്രാം ആയി മാറി. 2015-16 ൽ ഇത് 4247 കിഗ്രാം ആയിരുന്നു.

സംസ്ഥാനത്തെ നെൽ കൃഷി മേഖലയിൽ ഉല്‍പാദനത്തിൽ വന്ന വൻ ഇടിവ് മൂലം നെൽ കർഷകർക്കുണ്ടായ സാമ്പത്തിക തകർച്ച, കാലാവസ്ഥാ വ്യതിയാനം, നെല്ലിന്റെ സംഭരണവില ലഭിക്കുന്നതിലെ കാലതാമസം എന്നീ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങൾ സംബന്ധിച്ച് മുരളി പെരുനെല്ലി യുടെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

Tags:    
News Summary - P. Prasad said that there was an apparent loss of 1.25 crore rupees due to the damage to rice cultivation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.