മലപ്പുറം: ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വന്ന ഭാരതീയ ന്യായ സംഹിത (എം.എൻ.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് കൊണ്ടോട്ടിയിൽ. ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കർണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് (24) എം.എൻ.എസ് 281 പ്രകാരം കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തത്.
തിങ്കളാഴ്ച പുലർച്ച 12.20നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി കൊളത്തൂരിൽ പൊലീസ് പട്രോളിങ്ങിനിടെ ഷാഫി ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായും അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചത് കണ്ടെത്തിയതിനാലാണ് കേസ്. ഭാരതീയ ന്യായ സംഹിതക്കു പുറമെ മോട്ടോർ വാഹന നിയമം 194-ഡി വകുപ്പ് പ്രകാരവും കേസെടുത്തു.
കൊണ്ടോട്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി. ബാബുരാജാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽവന്ന ഭാരതീയ നാഗരിക സുരക്ഷ സംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയാറാക്കിയത്.
രാജ്യത്ത് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നിൽക്കുന്ന ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി), ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എൻ.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.