കോട്ടയം: കോട്ടയത്ത് രണ്ടു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും വിൽപനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റ് പ്രദേശങ്ങളിലേക്ക് പന്നി, പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം കൊന്ന് സംസ്കരിക്കും. ഇതിന് ജില്ല മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി.
10 കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.
2020 നാണ് ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അസമിലേയും അരുണാചലിലേയും ഗ്രാമങ്ങളിലായിരുന്നു രോഗബാധ. കേരളത്തില്‍ 2022ലാണ് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും നെന്മേനി ഗ്രാമപഞ്ചായത്തിലും പിന്നെ കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. അന്ന് രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.