കോഴിക്കോട്: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചതിന് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ പ്രയാഗ് രാജിലെ വീട് പൊളിച്ചു നീക്കിയ സംഭവത്തിൽ മകളും സാമൂഹിക പ്രവർത്തകയുമായ അഫ്രീൻ ഫാത്തിമക്ക് ഐക്യദാർഢ്യവുമായി വയനാട് പിണങ്ങോട് നിന്നൊരു കലാകാരി. ഹിന്ദുത്വ ഭീകരന്മാരെ, നിങ്ങൾക്ക് വീടും വീട്ടിലുള്ളതും കൊണ്ട് പോകാം ഹൃദയം പിഴുതെടുക്കാം. എന്നാൽ, തങ്ങളുടെ നേതാവിന്‍റെ ആത്മധൈര്യത്തിന് മുന്നിൽ നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് കലാകാരി ഹന പി. നുഹ്മാൻ ഇൻസ്റ്റ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫ്രറ്റേണിറ്റി ദേശീയ നേതാക്കൾക്ക് കോഴിക്കോട് സ്വീകരണം നൽകിയപ്പോൾ അഫ്രിൻ ഫാത്തിമക്ക് അവരുടെ ചിത്രം വരച്ച് സമ്മാനിച്ചത് ഓർത്തെടുക്കുകയാണ് ഹന പി. നുഹ്മാൻ. സ്വീകരണ പരിപാടിയിൽ അഫ്രീൻ ഫാത്തിമക്ക് സമ്മാനം നൽകാനുള്ള അവസരം തനിക്കാണ് ലഭിച്ചതെന്ന് ഇൻസ്റ്റ പോസ്റ്റിൽ ഹന ചൂണ്ടിക്കാട്ടുന്നു.
അഫ്രീൻ എന്ന ചുണക്കുട്ടിയായ ഞങ്ങളുടെ നേതാവിന് ആത്മാവിനാൽ തീർത്തൊരു സമ്മാനം കൊടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിന് ഫ്രറ്റേണിറ്റി തനിക്കൊരു അവസരം തന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് പോകുന്നതിന് മുമ്പ് അഫ്രീൻ തന്നെ വിളിച്ച് അഭിനന്ദിക്കുകയും എന്നെങ്കിലുമൊരിക്കൽ ഡൽഹി സന്ദർശിക്കുമ്പോൾ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്നും അവരുടെ വീടിന്‍റെ ചുമരിൽ താൻ വരച്ച ചിത്രം തൂങ്ങികിടക്കുന്നത് കാണാൻ സാധിക്കുമെന്നും അമിതമായി വ്യാമോഹിച്ച് പോയി. കിരാതന്മാരുടെ ബുൾഡോസർ പൊളിച്ചിട്ട വീടിനകത്ത് നിന്ന് ഷൂ നക്കി പൊലീസുകാർ ആ ചിത്രം എടുത്തു കൊണ്ട് പോകുന്നത് കണ്ടപ്പോൾ തന്‍റെ ഹൃദയം നടുങ്ങിയെന്ന് ഹന പറയുന്നു.
അഫ്രീൻ, ഒന്നിന് പകരം ഒരായിരം ചിത്രങ്ങൾ വരക്കാൻ പാകത്തിന് നിങ്ങൾ ഞങ്ങളുടെ മനസ്സുകളെ നിശ്ചയദാർഢ്യം കൊണ്ടും കെട്ടടങ്ങാത്ത സമര ജ്വാലയായി കത്തിപ്പടർന്നു കൊണ്ടും കീഴ്പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തെ പ്രതിരോധിക്കാൻ പുതിയ പടച്ചട്ടകളും പടക്കോപ്പുകളും അവർ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ഹന ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുത്വ ഭീകരന്മാരെ, നിങ്ങൾക്ക് വീടും വീട്ടിലുള്ളതും കൊണ്ട് പോകാം ഹൃദയം പിഴുതെടുക്കാം. എന്നാൽ, തങ്ങളുടെ നേതാവിന്‍റെ ആത്മധൈര്യത്തിന് മുന്നിൽ നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ഹന ഇൻസ്റ്റ പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.