തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറകള്‍ വഴി ആദ്യദിനം 28,891 പേര്‍ക്ക് പിഴ. തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള നിയമലംഘനങ്ങളാണ് വകുപ്പ് പുറത്തുവിട്ടത്. 726 കാമറകളില്‍ 692 എണ്ണമാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. 250 രൂപ മുതല്‍ 3000 രൂപ വരെ പിഴ ഈടാക്കാന്‍ കഴിയുന്ന കുറ്റങ്ങളാണ് കണ്ടെത്തിയത്. കൊല്ലത്താണ് ഏറ്റവും കൂടുതൽ പേർക്ക് പിഴ-4778.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കാതെയുള്ള വാഹനയാത്രകളാണ് പിടികൂടുന്നവയിൽ ഏറെയും. കാമറകൾ വഴിയുള്ള ചിത്രങ്ങൾ നേരെ കൺട്രോൾ റൂമുകളിലെത്തും. കെൽട്രോൺ നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഇവ ആദ്യം പരിഗണിക്കുന്നത്. ചിത്രങ്ങൾ വിശദമായി പരിശോധിച്ച് ഗതാഗതക്കുറ്റം ഇവർ ഉറപ്പുവരുത്തും. തുടർന്ന് വാഹന നമ്പർ വിവരങ്ങളടക്കം ഉൾപ്പെടുത്തി കൺട്രോൾ റൂമിലെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥന് കൈമാറും. ഈ ഉദ്യോഗസ്ഥനാണ് പിഴ ചുമത്തുന്നത്. ഇതോടെ വാഹന ഉടമയുടെ ഫോണിലേക്ക് എസ്.എം.എസ് ആയി വിവരമെത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്കിയ ഫോണ്‍ നമ്പറിലേക്കാണ് പിഴ വിവരമെത്തുന്നത്. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് അയക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടക്കാനുള്ള സംവിധാനമുണ്ട്. എ.ഐ കാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങൾഗണ്യമായി കുറഞ്ഞുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന് മുമ്പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്നു ഇത്. ഞായറാഴ്ച ഇത് 1.93 ലക്ഷമായി കുറഞ്ഞു. തിങ്കളാഴ്ച അത് 28,891 മാത്രമായി -മന്ത്രി കൂട്ടിച്ചേർത്തു. ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ആദ്യ ദിവസം കാമറയിൽ കൂടുതൽ കുടുങ്ങിയത്. ഇതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് വെക്കാത്ത കേസുകളാണേറെ. കാറിൽ മുൻവശത്ത് ഡ്രൈവർ സീറ്റിനപ്പുറത്തെ സീറ്റിൽ ബെൽറ്റ് ഇടാത്തവർക്കും ഒന്നാം ദിനത്തിൽ പിഴ കൂടുതൽ കിട്ടി. ഫോണ്‍ ഉപയോഗിക്കുന്നവർക്കും പിഴ കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.