തിരുവനന്തപുരം: സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ നടപടിയിൽ ഇടഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അധ്യാപക സംഘടനകളും. ബുധനാഴ്ച ഓൺലൈനായി വിളിച്ച ക്യു.ഐ.പി യോഗത്തിലാണ് സംഭവം. സ്കൂൾ കലാകായിക മേളകളുടെ തീയതിയും ഫയൽ തീർപ്പാക്കാനുള്ള അദാലത്തും സംഘടിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു അജണ്ട. യോഗത്തിൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ നടപടിയിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം ആവർത്തിച്ചു. ഈ വിഷയം യോഗത്തിന്റെ അജണ്ടയിലില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാതെ കലാകായിക മേളകളിൽ സഹകരിക്കാനാകില്ലെന്ന് അധ്യാപക സംഘടനകൾ വ്യക്തമാക്കി. കലാകായിക മേളകൾ നടത്താൻ സർക്കാറിന് അറിയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ കലണ്ടറുമായി ബന്ധപ്പെട്ട ഹൈകോടതി കേസിൽ കൃത്യമായ സത്യവാങ്മൂലം നൽകാതെ സർക്കാർ അഭിഭാഷകൻ ഒളിച്ചുകളിക്കുകയാണെന്ന് അധ്യാപക സംഘടന നേതാക്കൾ ആരോപിച്ചു. ക്ലസ്റ്ററിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും 2023-24 വർഷത്തെ തസ്തിക നിർണയം പുറത്തിറക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ലയും പറഞ്ഞു.
രണ്ട് അജണ്ടകളിൽ മാത്രമേ ചർച്ചയുള്ളൂവെന്നും മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. ക്യു.ഐ.പി യോഗങ്ങൾ പ്രഹസനമാക്കുന്നത് അവസാനിപ്പിക്കണമെന്നും കഴിഞ്ഞ മൂന്നു യോഗങ്ങളും ഈ രീതിയിലാണ് അവസാനിപ്പിച്ചതെന്നും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ജൂൺ 29ലെ ക്ലസ്റ്റർ അധ്യാപക പരിശീലനം ബഹിഷ്കരിച്ചവർക്ക് ജൂലൈ 20ലെ പരിശീലനത്തിൽ പങ്കെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരിശീലനത്തിൽ നിർബന്ധമായി പങ്കെടുക്കണം. രണ്ടാമത്തെ പരിശീലനവും ബഹിഷ്കരിച്ചാൽ മൂന്നാമതും പരിശീലനം നടത്തും. മൂന്നാമത്തെ പരിശീലനത്തിനുള്ള ചെലവ് ബഹിഷ്കരിച്ച അധ്യാപകർ വഹിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.