തിരുവനന്തപുരം: എ.ഐ കാമറ വിഷയത്തിൽ ഉപകരാറുകളെ കുറിച്ചുള്ള ദുരൂഹതയിൽ കല്ലും നെല്ലും തിരിയുക വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ. ഈ ആഴ്ച തന്നെ സർക്കാറിന് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പലവിധ പരാതികൾ സംബന്ധിച്ച പൊതുപരിശോധനയാണത്.
ഉപകരാറുകളിലേക്ക് അത് നീളില്ല. സ്വകാര്യ കമ്പനികളെക്കുറിച്ചും വിജിലൻസ് പരിശോധിക്കാനിടയില്ല. അതേ സമയം എ.ഐ കാമറ ഇടപാടുകൾ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യവസായ സെക്രട്ടറിയുടേത് മാത്രമാണ്. അതുകൊണ്ടാണ് ഉപകരാറുകളിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രസക്തമാകുന്നതും. കരാറിൽ കെൽട്രോണിന് പാളിച്ച സംഭവിച്ചോ, ചട്ട വിരുദ്ധവും ധനവകുപ്പിന്റെ ഉത്തരവുകൾക്കും വിരുദ്ധമായി ഇടപെടലുകൾ നടന്നോ, പദ്ധതിയുടെ സാമ്പത്തിക വശം,
കരാർ-ഉപകരാർ വ്യവസ്ഥകളുടെ നിയമസാധുത, ഉപകരാറുകൾ എടുത്ത കമ്പനികളുടെ പ്രവർത്തന പരിചയം, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് നൽകിയ ഉപകരാർ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കേണ്ടതില്ലെന്നായിരുന്നു വ്യവസായ മന്ത്രിയുടെയും കെൽട്രോണിന്റെയും നിലപാട്. എന്നാൽ ഇത് തെറ്റെന്ന് അടിവരയിട്ട് 2018 ആഗസ്റ്റിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവ് പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ വകുപ്പുകൾക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന ഈ ഉത്തരവിൽ മൂന്നാം കക്ഷിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയായിരിക്കണമെന്നും ഈ ബിഡിങ് നടപടികൾ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് (പി.എം.സി) ആയാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്.
അതായത് മോട്ടോർ വാഹന വകുപ്പാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് വ്യക്തം. കരാർ നൽകുന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനുമായിരിക്കും.മൂന്നാം കക്ഷിക്ക് പണം നൽകുന്നത് വകുപ്പ് നേരിട്ടായിരിക്കണമെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു. ഈ നിബന്ധനകൾ കെൽട്രോൺ എസ്.ആർ.ഐ-ടി ഉപകരാറിൽ പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.