കൊച്ചി: എൻജിനീയറിങ് പ്രവേശനം പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകാനാവില്ലെന്നും ഒക്ടോബർ ഒന്നിന് നടപടികൾ തുടങ്ങി 25ന് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) അധികൃതർ ഹൈകോടതിയിൽ അറിയിച്ചു. ആഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്ന് പാർശ്വനാഥ് ചാരിറ്റബിൾ ട്രസ്റ്റ് കേസിൽ സുപ്രീംകോടതി വിധിയുണ്ട്. കോവിഡ് സാഹചര്യത്തിൽ സമയക്രമം മാറ്റിയത് സുപ്രീംകോടതിയുടെ അനുമതിയോടെയാണ്. ഇതിൽ മാറ്റംവരുത്താൻ സുപ്രീംകോടതിയെ സമീപിക്കണമെന്നും എ.ഐ.സി.ടി.ഇയുടെ അഭിഭാഷകൻ വിശദീകരിച്ചു.
പ്രവേശന നടപടി പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ കൂടുതൽ സമയം നൽകിയാൽ എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിനൽകാമെന്ന് സർക്കാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തുടർന്ന് ഹൈകോടതി നിലപാട് തേടിയപ്പോഴാണ് സമയപരിധി നീട്ടാനാവില്ലെന്ന് എ.ഐ.സി.ടി.ഇ വിശദീകരിച്ചത്. മാർക്ക് അപ്ലോഡ് ചെയ്യാൻ അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കുമെന്നിരിക്കെ എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷനും വിദ്യാർഥികളും നൽകിയ ഹരജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഉത്തരവിനായി മാറ്റി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ ഇത്തവണ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നില്ല. പകരം 10, 11 ക്ലാസുകളിലെ മാർക്കുകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കുന്ന സ്കീമിന് സുപ്രീംകോടതി അംഗീകാരം നൽകിയിരുന്നു. ഇത് തൃപ്തികരമല്ലെങ്കിൽ വിദ്യാർഥികൾക്ക് ഇംപ്രൂവ്മെൻറിന് അവസരം നൽകാനും നിർദേശിച്ചിരുന്നു. ഇംപ്രൂവ്മെൻറ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി തീരുന്നതിെല ആശങ്ക കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.