കോഴിക്കോട്: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) കോഴിക്കോട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയുടെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
എയിംസ് കോഴിക്കോട്ട് കിനാലൂരിൽ യാഥാർഥ്യമാക്കുന്നതിന് ജനകീയ മുന്നേറ്റം വേണമെന്ന് കോഴിക്കോട്ട് നാലാം തവണയും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എം.കെ. രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി എയിംസിന് കിനാലൂരിനെ പിന്തള്ളുന്ന രീതിയിൽ നടത്തിയ പരാമർശമാണ് ജില്ലക്ക് എയിംസ് നഷ്ടപ്പെടുമോ എന്ന ആശങ്കക്കിടയാക്കുന്നത്.
എയിംസ് കോഴിക്കോട്ട് വേണമെന്ന് പറയാൻ എം.കെ. രാഘവന് അവകാശമുണ്ടെന്നും അതുപോലെ തനിക്കും ചെറിയ അവകാശമുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എയിംസ് എവിടെ വേണമെന്നതിൽ 2016ൽ താൻ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അത് സംസ്ഥാന സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനെതിരേ എം.കെ. രാഘവൻ എം.പികൂടി രംഗത്ത് എത്തിയതോടെ വിവാദത്തിന് ചൂടുപിച്ചു. എയിംസ് എവിടെ കൊണ്ടുവരണമെന്നതിൽ സുരേഷ് ഗോപി സംസ്ഥാന സർക്കാറുമായി ആലോചന നടത്തണമെന്ന് എം.കെ. രാഘവൻ പറഞ്ഞു.
എയിംസിനായി കിനാലൂരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കേന്ദ്രപ്രതിനിധികൾ സന്ദർശിച്ചിരുന്നു. അതിൽ അവർ സംതൃപ്തരാണ് എന്നാണ് തന്റെ അറിവ്. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എം.കെ. രാഘവൻ പറഞ്ഞു. തനിക്കിതിൽ ഒരു ദുരുദ്ദേശവുമില്ലെന്നും രാഘവൻ കൂട്ടിചേർത്തു.
ഓരോ എം.പി.മാര്ക്കുംഅവരവരുടെ അഭിപ്രായമുണ്ടാവുമെന്നായിരുന്നു ഇക്കര്യത്തിൽ കെ. സുരേന്ദ്രന്റെ മറുപടി. സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. രാഘവൻ ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയക്കളിയാണ്. 15 കൊല്ലം എം.പിയായിരുന്നിട്ട് ഒന്നും ചെയ്യാതെയാണ് ഇപ്പോൾ എംയിസിനായി മുറവിളികൂട്ടുന്നത്. എയിംസ് എവിടെ വേണമെന്നതിൽ ബന്ധപ്പെട്ടവർ ഉചിതമായ തീരുമാനമെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ എയിംസ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള കേന്ദ്രസർക്കാറിന്റെ വാഗ്ദാനമാണ്. തിരുവനന്തപുരം കാട്ടാക്കട, എറണാകുളത്ത നാലിടങ്ങളുമാണ് കേരളം മുന്നോട്ടുവച്ചത്.
എന്നാൽ കേരളത്തിന്റെ ശിപാർശകളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസഹമന്ത്രി പർവിൻ പവാർ പാർലമെന്റ് അറിയിച്ചത്. കിനാലൂരിൽ 150 ഏക്കർ സ്ഥലമാണ് എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സമീപത്തായി 40.6 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം ആശങ്ക ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.