കൊച്ചി: സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസായി വീണ്ടും ഉപയോഗിക്കുന്നു. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരത്തെത്തി ഹൃദയം എറണാകുളത്തെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.
കൊല്ലം കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്തിന്‍റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സലായിരുന്ന അനുജിത്തിന്‍റെ മരണം ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് ഹൃദയം നല്‍കുന്നത്. ഒരാഴ്ച മുമ്പ് കൊല്ലത്തുവെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അനുജിത്ത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും ചികിത്സതേടിയിരുന്നു. ഞായറാഴ്ചയാണ് അനുജിത്തിന്‍റെ മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്.
അനുജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. കൈകള്‍ ഉള്‍പ്പടെയുള്ള അവയവങ്ങളും ദാനം ചെയ്യും. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്ക് നല്‍കും.
12.30 ഓടെ തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്റർ പുറപ്പെടും. പൊലീസ് ഹെലികോപ്റ്ററിന്‍റെ രണ്ടാമത്തെ അവയവ ദാനദൗത്യമാണിത്. നേരത്തെ മെയ്‍മാസത്തിലാണ് ഇത്തരത്തില്‍ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഹെലികോപ്‍റ്റര്‍ പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.