കണ്ണൂർ: പെരിങ്ങത്തൂർ-പാനൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കുന്നതിന് നിയമാനുസൃതം ആക്ഷേപം സമർപ്പിക്കാൻ അവസരം ലഭിക്കുമെന്ന് മനുഷ്യാവകാശ കമീഷൻ.
ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്. ജില്ല കലക്ടറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി.
2019 ഡിസംബർ 29ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും 11 വൻകിട വ്യവസായികൾക്ക് ഒറ്റത്തവണ ധനസഹായമായി രണ്ട് ലക്ഷവും എട്ടു ചെറുകിട വ്യാപാരികൾക്ക് ഒറ്റത്തവണ ധനസഹായമായി 50,000 രൂപയും തൊഴിലാളികൾക്ക് ആറ് മാസത്തേക്ക് ആറായിരം രൂപ നിരക്കിൽ മൂന്ന് വർഷകാലത്തേക്ക് 36,000 രൂപയുമാണ് നൽകി വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വ്യാപാരികൾക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കേണ്ടത് സർക്കാർ തലത്തിലെടുക്കേണ്ട തീരുമാനമാണ്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് 4(1) വിജ്ഞാപനമോ പ്രാഥമിക വിജ്ഞാപനമോ പുറപ്പെടുവിച്ചിട്ടില്ല.
ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ആക്ഷേപമുള്ള ഏതൊരാൾക്കും പൊതുവാദം കേൾക്കുന്ന സമയത്തോ ഭൂമി ഏറ്റെടുക്കൽ സെക്ഷൻ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളിലോ ആക്ഷേപമോ ആശങ്കയോ അറിയിക്കാവുന്നതാണ്.
വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വില്ലേജ്, താലൂക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ പത്രമാധ്യമങ്ങൾ, വെബ്സൈറ്റ് വഴിയോ പ്രസിദ്ധീകരിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇപ്രകാരം നിയമാനുസൃതം ആക്ഷേപം സമർപ്പിക്കാൻ പരാതിക്കാരന് അവസരം ലഭിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.