തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി. ലോ അക്കാദമിയിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്. ലക്ഷ്മി നായർ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ചാണ് വിവേക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വിവേക് ഈ പരാതി പിൻവലിച്ചിരുന്നു. നേതൃത്വം അറിയാതെ പരാതി പിൻവലിക്കുകയും പിന്നീട് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതിനെതിരെയാണ് സംഘടനാ നടപടി.
വിവേകിന്‍റെ പരാതി പിന്‍വലിക്കൽ ലോ അക്കാദമി സമരത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സി.പി.ഐക്കും എ.ഐ.എസ്.എഫിനും തിരിച്ചടിയായി മാറിയിരുന്നു. നേരത്തെ പരാതി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് എ.ഐ.എസ്.എഫ് നേതൃത്വം പറഞ്ഞിരുന്നു. എ.ഐ.എസ്.എഫ് ജില്ലാക്കമ്മിറ്റി വിഷയത്തില്‍ വിവേകിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വിശദീകരണം നൽകിയില്ലെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.
കടുത്ത വഞ്ചന-എല്ലാം എന്‍റെ തലയിൽ വെച്ചിട്ട് തടി തപ്പാൻ ചിലർ ശ്രമിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം വിവേക് ഫേസ്ബുക്കില്‍ കുറിച്ചത്. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എ.ഐ.എസ്.എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.