തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ-ഡീസൽ സെസ്സ് പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. ഇന്ധന സെസ്സിനെതിരെ പ്രതിപക്ഷ കക്ഷികൾ വ്യാപക പ്രതിഷേധമുയർത്തുന്നതിനിടെയാണ് എ.ഐ.ടി.യു.സിയും ആവശ്യവുമായി രംഗത്തെത്തിയത്.
തൊഴിലാളി ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്നും എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ തുക വകയിരുത്തണം. പൊതുമേഖല-പരമ്പരാഗത വ്യവസായ തൊഴിൽ മേഖലകളുടെ സംരക്ഷണത്തിന് ആവശ്യമായ തുക അനുവദിക്കണം. വേതനവും പെൻഷനും നിയമമനുസരിച്ച് മുടങ്ങാതെ നൽകണമെന്നും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് വർധിക്കുക. ഇതിലൂടെ അധികമായി 750 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് സർക്കാർ പ്രതീക്ഷിക്കുന്നത്. വില വർധനക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പുന:പരിശോധന ആവശ്യമാണെന്ന് മുന്നണിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.