മലപ്പുറം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സർവിസിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്ത് വേണം അന്വേഷണം നടത്താനെന്ന് പി.വി. അൻവർ എം.എൽ.എ. തന്‍റെ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തോടൊപ്പം തന്നെ നിയമപരമല്ലാത്ത ഒരു അന്വേഷണം ഇവിടെ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പൊലീസിന്‍റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ആ ഒരു അന്വേഷണം നടക്കുന്നത്. എനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പൊലീസുകാർ ആരൊക്കെ, വ്യക്തികൾ ആരൊക്കെ എന്നെല്ലാം സമാന്തരമായി ഇവർ അന്വേഷിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തുന്നുണ്ട്. തെളിവ് തരാൻ തയാറായ പലരും മടിച്ച് നിൽക്കുകയാണെന്നും അൻവർ പറഞ്ഞു.
ഈ സർക്കാറും മുഖ്യമന്ത്രിയും പൊലീസ് ചട്ടങ്ങളുമൊന്നും തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ ആവർത്തിച്ച് തെളിയിക്കുകയാണ്. ഈ ചട്ടലംഘനങ്ങൾ മാത്രം മതി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ -അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും അൻവർ വിമർശനമുയർത്തി. അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കൽ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി കൂട്ടുനിന്നു. സർക്കാറിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുൾമുനയിൽ നിർത്തിയതിന് പൊളിറ്റിക്കൽ സെക്രട്ടറി മറുപടി പറയേണ്ടേ? പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഇതിൽ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത് -അൻവർ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെതിരെയും മുൻ മലപ്പുറം എസ്.പി എസ്. സുജിത് ദാസിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് അൻവർ വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. ഇരുവർക്കുമെതിരെ അന്വേഷണം വേണമെന്ന ഡി.ജി.പിയുടെ ശിപാർശ ദിവസങ്ങൾക്കുശേഷം സർക്കാർ അംഗീകരിക്കുകയായിരുന്നു. അജിത് കുമാറിനെതിരെ അഞ്ചും സുജിത് ദാസിനെതിരെ മൂന്നും വിഷയങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.
അജിത്കുമാർ ക്രമാസമാധാന ചുമതലയുള്ള പദവിയിൽ തുടരുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ്. അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അജിത്കുമാറിനെ ചുമതലയിലിരുത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതിലെ അനൗചിത്യം ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.