തിരുവനന്തപുരം: കൈയേറ്റ ഭൂമി തിരിച്ചു പിടിച്ച് പതിച്ചു കൊടുക്കാത്തതിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കേരളീയം പരിപാടിയിൽ റവന്യൂ വകുപ്പ് സംഘടിപ്പിച്ച ‘കേരളത്തിലെ ഭൂപരിഷ്കരണം’ സെമിനാറിലാണ് തോട്ടഭൂമിയുടെ ഇളവിൽ കൈവശം വെച്ച ഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ എന്ത് നടപടിയെടുത്തെന്ന ചോദ്യം ഉന്നയിച്ചത്.
മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ ഉൾപ്പെടെയുള്ളവർ ഇതുസംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് എന്തായി. മുൻ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത് നടത്തിയ അന്വേഷണത്തിൽ അഞ്ച് ലക്ഷം ഹെക്ടർ ഭൂമി ഇങ്ങനെ കൈവശം വെച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി 50 കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതിലൊന്നും തുടർനടപടി ഉണ്ടായില്ല. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഇങ്ങനെ നിരവധി റിപ്പോർട്ടുകൾ സർക്കാറിന് മുന്നിലുണ്ട്. തെറ്റാണെങ്കിൽ തള്ളുക, വസ്തുതയാണെങ്കിൽ തുടർനടപടി സ്വീകരിക്കുക -എ.കെ. ബാലൻ പറഞ്ഞു.
ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ച വൻകിട തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അത്തരം ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് കൈമാറുമെന്നാണ് ഇടതു മുന്നണി പ്രകടന പത്രികയിലെ 378ാം ഇനം. ഈ നിലയിൽ ശക്തമായ നിലപാട് സ്വീകരിക്കണം. ഭൂമിയില്ലാത്തതല്ല കേരളത്തിന്‍റെ പ്രശ്നം. കൈയേറിയ ഭൂമി പിടിച്ചെടുത്ത് അർഹർക്ക് പതിച്ചു കൊടുക്കുന്നതിൽ കാര്യക്ഷമതയില്ലെന്നും ബാലൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.