തൃശൂർ: കേരളത്തെ േകരളമാക്കിയ മൂല്യങ്ങൾ അപചയവും വെല്ലുവിളിയും നേരിടുേമ്പാൾ നവകേരള സൃഷ്ടിക്കുള്ള നയരേഖയാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. കേരള സാഹിത്യ അക്കാദമിയുടെ 2016ലെ വിശിഷ്ടാംഗത്വവും 2015ലെ സമഗ്ര സംഭാവന പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവന്ന് ബഹുസ്വരതയിൽനിന്ന് നാടിനെ ഏകശിലാ രൂപത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക സ്ഥാപനങ്ങളെ സർഗാത്മകമായി കരുത്തുറ്റതാക്കാനാണ് സർക്കാർ ശ്രമം. സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളുടെ ബജറ്റ് വിഹിതം 50 ശതമാനം വർധിപ്പിച്ചു. ഒാരോ ജില്ലയിലും സാംസ്കാരിക സമുച്ചയം നിർമാണം ഉടൻ തുടങ്ങും. ഗ്രാമങ്ങളിൽ സിനിമ തിയറ്ററുകൾ തിരിച്ചുകൊണ്ടുവരും. 500 തിയറ്ററുകൾ ഇത്തരത്തിൽ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. ചലച്ചിത്ര വികസന കോർപറേഷൻ ഇൗ വർഷം 20 തിയറ്ററുകൾ തുറക്കും. അക്കാദമികളുടെ അവാർഡ് തുക ഉയർത്തുന്നത് ഉൾപ്പെടെ ക്രിയാത്മക ഇടപെടൽ ഉണ്ടായിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാര തുക അടുത്ത വർഷം മുതൽ മൂന്നിൽനിന്ന് അഞ്ച് ലക്ഷം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.
സാറാ ജോസഫ്, യു.എ. ഖാദർ എന്നിവർക്ക് വിശിഷ്ടാംഗത്വവും ഒ.വി. ഉഷ, മുണ്ടൂർ സേതുമാധവൻ, വി. സുകുമാരൻ, ടി.ബി. വേണുഗോപാല പണിക്കർ, പ്രയാർ പ്രഭാകരൻ, ഡോ. കെ. സുഗതൻ എന്നിവർക്ക് സമഗ്ര സംഭാവന പുരസ്കാരവും മന്ത്രി സമ്മാനിച്ചു. രാജ്യത്തെ ഭൂരിഭാഗം ജനതയുടെ അടിസ്ഥാന വികാരം ഭയമായി മാറിയ കാലത്താണ് ജീവിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ സാറാ ജോസഫ് പറഞ്ഞു. രാജ്യം കടന്നുപോകുന്നത് ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ്. ആഹ്ലാദവും സൗന്ദര്യവും നീതിയുമുള്ള നാടെന്ന സ്വപ്നം അകന്നുപോവുകയാണെന്നും അവർ പറഞ്ഞു. കവിസമ്മേളനവും നടന്നു.
അക്കാദമി പ്രസിഡൻറ് ൈവശാഖൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ, വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, നിർവാഹക സമിതി അംഗങ്ങളായ ആലേങ്കാട് ലീലാകൃഷ്ണൻ, പ്രഫ. വി.എൻ. മുരളി, ടി.പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് പുരസ്കാര ജേതാക്കളുമായി സംവാദം നടക്കും. വൈകീട്ട് മൂന്നിന് അക്കാദമി പ്രസിഡൻറ് വൈശാഖൻ അവാർഡും എൻഡോവ്മെൻറും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.