കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരിയെ പൂട്ടുക ലക്ഷ്യമിട്ട് നേതൃത്വം. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ മുഴക്കുന്ന്, മട്ടന്നൂർ സ്റ്റേഷനുകളിലായി ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ആകാശിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലച്ചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് മുഴക്കുന്ന് പൊലീസാണ് കേസെടുത്തത്. സമൂഹത്തിൽ ലഹളസൃഷ്ടിക്കൽ, നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് മട്ടന്നൂർ സ്റ്റേഷനിലെ കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെങ്കിലും അറസ്റ്റ് സംബന്ധിച്ച സൂചനയൊന്നും പൊലീസ് നൽകുന്നില്ല. ആകാശ് ഒളിവിലാണെന്നും പൊലീസ് പറയുന്നു.
അതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ നിലപാടെടുക്കുന്ന ഡി.വൈ.എഫ്.ഐ നേതാവിനാണ് മുന്നറിയിപ്പ് നൽകിയത്. ‘തെളിവുകളെ തട്ടിമാറ്റികൊണ്ട് ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ മതിയാകാതെ വരു’മെന്നാണ് ആരോപണമുന്നയിക്കുന്നവർക്കെതിരെ ആകാശിന്റെ കുറിപ്പ്. ‘വിതച്ചതാണ് കൊയ്യുന്നതെന്ന്’ മറ്റൊരു കുറിപ്പിലും ചൂണ്ടിക്കാട്ടി. ‘ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്താവനകൊണ്ട് ഞങ്ങളെ ഒറ്റുകാരാക്കി. ഡി.വൈ.എഫ്.ഐയുടെ സംഘടിതമായ സൈബർ ആക്രമണത്തെ ചെറുക്കു’മെന്നും ആകാശ് കുറിച്ചു. ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരിയും ഫേസ്ബുക്കിൽ കുറിപ്പിട്ടു. ‘കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവെച്ച് വിടണമായിരുന്നോ? ’ എന്നാണ് ജിജോയുടെ ചോദ്യം.
ആകാശ് തില്ലങ്കേരിക്കും മറ്റു രണ്ടുപേർക്കുമെതിരെ മുഴക്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിനാണ് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.