തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നുവെന്ന് മുറവിളി സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുനാളുകളായി നടക്കുന്നത്. അതിന്‍റെ തുടർച്ചയാണ് എ.കെ.ജി സെന്‍ററിന് നേരെ നടന്ന അക്രമണം. പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. പാർട്ടി ഓഫീസുകൾ അക്രമിക്കുക, പാർട്ടി പതാക കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ അക്രമങ്ങൾ സംസ്ഥാനത്ത് വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
നേരത്തെ മുഖ്യമന്ത്രിയെ ഉൾപ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. യു.ഡി.എഫും ബി.ജെ.പിയും എല്ലാ വർഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർട്ടി അംഗങ്ങളും ഉയർത്തിപ്പിടിക്കണം. എ.കെ.ജി സെൻറിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളിൽ പാർട്ടിയെ സ്നേഹിക്കുന്നവർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.