തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമിച്ച ആൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. ആക്രമണം നടത്തിയ ആൾ ആദ്യം എ.കെ.ജി സെന്‍ററിന് പുറത്ത് നിരീക്ഷണം നടത്തി. മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ വഴിയിൽ വെച്ച് സ്ഫോടകവസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറിയെന്നുമാണ് പൊലീസിന്‍റെ നിഗമനം.
വെള്ള നിറമുള്ള ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് എ.കെ.ജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞത്. എന്നാൽ, ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ആളാണ് കവർ കൈമാറിയതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടക്കുന്നതിന് മുമ്പുള്ള സി.സിടിവി ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.
എ.കെ.ജി സെന്‍റർ ആക്രമിക്കുമെന്ന് ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റിട്ട നിർമാണത്തൊഴിലാളിയെ അന്വേഷണ സംഘം വീണ്ടും വിളിച്ചുവരുത്തി. കാട്ടായിക്കോണം സ്വദേശിയെ വിശദമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.
എ.കെ.ജി സെന്‍റർ ജീവനക്കാരുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.സി.ആർ.ബി അസി. കമീഷണർ ഡി.കെ. ദിനിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘത്തെയാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിലെത്തിയയാൾ എ.കെ.ജി സെന്ററിലെ വാഹനങ്ങൾ പ്രവേശിക്കുന്ന വളപ്പിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എ.കെ.ജി സെന്ററിലെയും സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും 30ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വണ്ടിയുടെ നമ്പറോ എറിഞ്ഞയാളുടെ മുഖമോ ദൃശ്യങ്ങളിൽ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.