തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണമത്രെ.
ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിലും പങ്കെടുത്തിരുന്നതായി സംശയിക്കുന്നു. ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചതാണെന്നാണ് നിഗമനം. അക്രമി എത്തിയ മോഡലിലുള്ള ചുവന്ന സ്കൂട്ടര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാല്‍, സംശയങ്ങളല്ലാതെ മൊബൈല്‍ സിഗ്നൽ ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ല. അതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഒരാൾ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നു.
പ്രതിപക്ഷ നേതാവിനുൾപ്പെടെ ഇതിൽ പങ്കുണ്ടെന്ന ആക്ഷേപമാണ് ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്നത്. എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. കുറ്റം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്നും സതീശന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.