തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. എസ്.പി എസ്. മധുസൂദനന്‍റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി.കമീഷണർ വി.എസ്. ദിൻരാജും സംഘത്തിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ജൂൺ 30ന് ആയിരുന്നു സംഭവം.
കേസന്വേഷിച്ച ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘം കാര്യമായ പരിശോധനകൾ നടത്തിയെങ്കിലും ആക്രമി സഞ്ചരിച്ച വാഹനത്തിന്റെ മോഡൽ ഏതാണെന്ന് തിരിച്ചറിയാൻ മാത്രമേ കഴിഞ്ഞുള്ളൂ. അയാൾ എവിടെനിന്ന് വന്നെന്നോ എവിടേക്കാണ് പോയതെന്നോ വാഹനത്തിന്റെ നമ്പർ എത്രയെന്നോ കണ്ടെത്താനായില്ല.
ലഭിച്ച ദൃശ്യങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ വ്യക്തത വരുത്തി പ്രതിയിലേക്ക് എത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചതുമില്ല. എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നത് സി.പിഎമ്മിനും സർക്കാറിനുമെതിരായ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.