ആക്കുളം കായൽ: അനധികൃത കൈയേറ്റവും നികത്തലും നടന്നപ്പോൾ റവന്യൂ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി: നടപടി വേണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: വേളി കായലിന്റെ ഭാമായി ആക്കുളത്ത് അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്. പരിശോധനയിൽ കായലിന്റെ പ്രധാനഭാഗം സർവേ നമ്പർ 571ലാണെന്ന് കണ്ടെത്തി. അനധികൃതമായി കായൽ മണ്ണിട്ട് നികത്തുകയും കൈയേറ്റവും നടത്തിയിട്ടുണ്ട്. കൈയേറ്റങ്ങൾ തടയാൻ കാര്യക്ഷമമായ സംവിധാനവും റവന്യൂ വകുപ്പിൽ നിലവിലില്ല.

റവന്യൂ അധികാരികളുടെ ഭാഗത്തുണ്ടായ ഗുരുതരയ വീഴ്ചകളും അലസമായ പ്രവർത്തനങ്ങളുമാണ് കൈയേറ്റത്തിന് വഴിതുറന്നത്. നിയമവിരുധമായി വലിയ തോതിൽ നികത്തലും കൈയേറ്റവും നടന്നപ്പോൾ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി. കായൽ പ്രദേശത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തുന്ന തരത്തിലാണ് ജലാശയത്തിന്റെ കരയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

ജലാശയത്തിലെ മലിനീകരണത്തിന് നിർമാണങ്ങൾ കാരണമായി. വകുപ്പുതല ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തത് പടിപടിയായുള്ള കൈയേറ്റത്തിന് ആക്കം കൂട്ടി. ആക്കുളം-വേളി കായലിന്റെ ഭൂസ്വത്തുക്കളിൽ കുറവ്. കൈയേറ്റവും മലിനീകരണവും ജലാശയത്തിന്റെ മരണത്തിന് വേഗത കൂട്ടുകയാണെന്ന റിപ്പോർട്ട് വിലയിരുന്നുന്നു.

ആക്കുളം-വേളി കായൽ പ്രദേശം സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ അമ്പേ പരാജയപ്പെട്ടു. സി.ആർ.ഇസെഡ് ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് കായൽ മണ്ണിട്ട് നികത്തി കൈയേറിയത്. വകുപ്പുതല ഉദ്യോഗസ്ഥർ ത്വരിതഗതിയിൽ നടപടിയെടുക്കാതിരുന്നത് വലിയ നിയമലംഘനങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കി. തടാകത്തിന്റെ വിസ്തൃതി കുറഞ്ഞു. അതുവഴി തടാകത്തിന്റെ അവസ്ഥ മോശമായി. സമീപ സ്ഥലത്തെ ജനവാസത്തെ പ്രതികൂലമായി ബാധിച്ചു. ജലാശയത്തിലുണ്ടായിരുന്ന അപൂർവ മൽസ്യങ്ങൾ ഇല്ലാതായി.

അധികാരികൾ സമയബന്ധിതമായി നടപടികൾ ആരംഭിച്ചിരുന്നെങ്കിൽ കായലിലെ കൈയേറ്റങ്ങളും മണ്ണിട്ട് നികത്തലും അനധികൃത നിർമാണങ്ങളും ഒഴിവാക്കാമായിരുന്നു. നേരത്തെ 203.73 ഏക്കർ(82.45 ഹെക്ടർ) വിസ്തൃതിയുള്ള തടാകമായിരുന്നുവെന്നാണ് രേഖകളുടെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി. ഇപ്പോഴത്തെ റവന്യൂ രേഖകൾ പ്രകാരം തടാകത്തിന്റെ വിസ്തീർണ്ണം 142.01ഏക്കർ (57.47.00 ഹെക്ടർ) ആയി ചുരുങ്ങി. ഏതാണ്ട് 62 ഏക്കറോളം കായൽ കൈയേറി.

ആറ്റിപ്ര വില്ലേജിലെ ബ്ലോക്ക് 18ലെ സർവേ നമ്പർ 571ൽ പൂർണമായും ആക്കുളം ജലാശയമായിരുന്നു. എന്നാൽ, റവന്യൂവകുപ്പ് കായൽ പുറമ്പോക്ക് അനധികൃതമായി കൈയേറിയ 40 പേർക്ക് 2008ൽ പട്ടയം (കൈവശരേഖ) നൽകി. 2010ൽ വീണ്ടും കായൽ പുറമ്പോക്കിൽ കൈയേറ്റം നടന്നതായി സർവേയിൽ കണ്ടെത്തി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 19 കൈയേറ്റക്കാർക്കെതിരെ കെ.എൽ.സി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി തുടങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഫയലുകൾ പിന്നീട് കാണാതായി. പിന്നീട് കലക്ടറുടെ നിർദേശപ്രകാരം താലൂക്ക് ഓഫീസർ നടത്തിയ അന്വേഷണത്തിൽ 17 കേസുകളിൽ കൈയേറ്റം കണ്ടെത്തിയതായി രേഖപ്പെടുത്തി.

നിർമാണത്തിനായി സർവേ നമ്പർ 571ലെ സബ് ഡിവിഷനിൽ പലയിടത്തും കായൽ നികത്തിയതായി താലൂക്ക് ഓഫിസിലെ ഫയലിലുണ്ട്. അനധികൃതമായി മറ്റനേകം നിർമാണങ്ങളും ജലാശയത്തിൽ നടത്തി. കായൽ മണ്ണിട്ട് നികത്തി ഫുട്ബാൾ കോർട്ട് വരെ നിർമിച്ചു. പരിശോധനയിൽ സ്വകാര്യ വ്യക്തി കന്നുകാലി ഫാം സ്ഥാപിച്ചതും വില്ല നിർമിച്ചതും ഭൂമി കൈയേറിയതാണെന്ന കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ മറുപടി നൽകി.


Tags:    
News Summary - Akkulam backwaters: Revenue officials on the lookout for illegal encroachments and landfills: Action report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.