ആലത്തൂർ (പാലക്കാട്): ശാരീരിക അവശതകളിൽ തളരാതെ ജീവിതം കെട്ടിപ്പടുക്കുന്ന പ്രണവ് ബാലസുബ്രഹ്മണ്യനും ഉമ്മുകുൽസുവിനുമുള്ള അക്ഷരവീട് നിർമാണത്തിന് തുടക്കം. ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.കെ. ബിജു എം.പി നിർമാണോദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ മനുഷ്യരുടെ നന്മ മങ്ങിയിട്ടില്ല എന്നതിന് തെളിവാണ് അക്ഷരവീടുകളെന്ന് എം.പി പറഞ്ഞു.
പ്രണവിന് ആലത്തൂർ അരങ്ങാട്ടുപറമ്പിലും ഉമ്മുകുൽസുവിന് പുതുക്കോട് അപ്പക്കാടുമാണ് വീടുകളൊരുക്കുന്നത്. 51 അക്ഷരവീടുകളിൽ പതിനേഴാമത്തേയും പതിനെട്ടാമത്തെയും പാലക്കാട് ജില്ലയിലെ മൂന്നാമത്തേയും നാലാമത്തേയും വീടുകളാണ് ആലത്തൂർ, തരൂർ നിയോജക മണ്ഡലങ്ങളിലായി നിർമിക്കുന്നത്. മലയാള അക്ഷരമാലയിലെ ‘ഖ’ ‘ഗ’ എന്നീ അക്ഷരങ്ങളെയാണ് ഈ വീടുകൾ സൂചിപ്പിക്കുന്നത്. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിയോഗ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യമേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് പദ്ധതിക്ക് രൂപം നൽകിയത്.
ആലത്തൂർ കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ ബാലസുബ്രഹ്മണ്യൻ-സ്വർണകുമാരി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് ഇരുപതുകാരനായ പ്രണവ്. ജന്മന കൈകളില്ലാത്ത പ്രണവ് കേരള സ്റ്റേറ്റ് പാരാലിമ്പിക്സ് ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്റർ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോൾ ചിറ്റൂർ ഗവ. കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥിയാണ്. കാലുകൊണ്ട് ചിത്രം വരക്കുന്നതിലും വിദഗ്ധനാണ്.
സ്വന്തമായി ഭൂമിയില്ലാത്ത സാഹചര്യത്തിൽ സർക്കാറിൽനിന്ന് ഭൂമിക്കായി അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. പ്രണവിന് ജമാഅത്തെ ഇസ്ലാമി ആലത്തൂർ ടൗൺ ഹൽഖയാണ് മൂന്ന് സെൻറ് ഭൂമി ലഭ്യമാക്കിയത്. കീ സ്റ്റോൺ ബിൽഡേഴ്സ് ചെയർമാൻ എസ്. ഉമർ ഫാറൂഖാണ് ഭൂമി നൽകിയത്. പുതുക്കോട് അപ്പക്കാട്ടിലെ പരേതനായ മുഹമ്മദ് ഹനീഫ-ഉമൈബ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളാണ് 31കാരിയായ ഉമ്മുകുൽസു. പ്രണവിനെ പോലെ ചിത്രകാരിയായ ഉമ്മുകുൽസുവിനും ജന്മന ഇരു കൈകളുമില്ല. കാലുകൊണ്ട് കടലാസിൽ വിത്തു പേനകൾ നിർമിച്ച് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ വിതരണം ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. പിതാവിെൻറ കുടുംബസ്വത്തായുള്ള അഞ്ച് സെൻറ് ഭൂമിയിലെ പകുതി എല്ലാവരും ചേർന്ന് ഉമ്മുകുൽസുവിന് നൽകി.
ചടങ്ങിൽ കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രണവിനുള്ള അക്ഷരവീട് ശിലാഫലകം പി.കെ. ബിജു എം.പിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണിയും ഉമ്മുകുൽസുവിന് കെ.ഡി. പ്രസേനൻ എം.എൽ.എ, നടന്മാരായ രവീന്ദ്രൻ, സാലു കൂറ്റനാട് എന്നിവരും ചേർന്ന് നൽകി. യൂനിമണി മീഡിയ റിലേഷൻ ഡയറക്ടർ മൊയ്തീൻകോയ സന്ദേശം നൽകി.
ചലച്ചിത്രതാരങ്ങളായ രവീന്ദ്രൻ, സാലു കൂറ്റനാട്, മാധ്യമം ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, കീ സ്റ്റോൺ ബിൽഡേഴ്സ് ചെയർമാൻ എസ്. ഉമർ ഫാറൂഖ്, മാധ്യമം ജില്ല കോഒാഡിനേറ്റർ എ. ഉസ്മാൻ എന്നിവർ സംസാരിച്ചു. മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സ്വാഗതവും ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.