മേവാത് (ഹരിയാന): ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ വിദൂര വിദ്യാഭ്യാസ കാമ്പസുകളിലെ പ്രഥമ സംരംഭമായ അൽ ജാമിഅ ഹരിയാന കാമ്പസ് മേവാത്തിൽ ദയൂബന്ദ് ദാറുൽ ഉലൂം റെക്ടർ മൗലാന സുഫ്യാനുൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കിയ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ഉത്തരേന്ത്യയിൽ ഒരു കാമ്പസ് ആരംഭിക്കാൻ തീരുമാനിച്ചത് വലിയ ചുവടുവെപ്പാണെന്നും ഉത്തരേന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയിൽ അത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദയൂബന്ദ് പോലുള്ള സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തങ്ങൾക്കാവുന്ന പങ്കാളിത്തം നിർവഹിക്കുക മാത്രമാണ് കാമ്പസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ തങ്ങൾക്കാവുന്നത് ചെയ്തുകൊടുക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച അൽ ജാമിഅ റെക്ടർ ഡോ. അബ്്ദുസ്സലാം അഹ്മദ് പറഞ്ഞു. മേവാത് കാമ്പസിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും മറ്റു പിന്നാക്ക സംസ്ഥാനങ്ങളിൽകൂടി അൽ ജാമിഅ കാമ്പസുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിലുടനീളം വിഷൻ 2026െൻറ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ സേവന പ്രവർത്തനങ്ങളുടെ ഭാഗമാണ് അൽ ജാമിഅ കാമ്പസെന്നും ഇത്തരം സംരംഭങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും സമാപന പ്രഭാഷണത്തിൽ ഹ്യൂമൻ വെൽഫയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് നരേന്ദ്ര സിങ്, നസീം അഹ്മദ് എം.എൽ.എ, അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ ഇൽയാസ് മൗലവി, ഇ.ആർ. മാമ്മൻ, മദാം മുഹമ്മദലി, സിദ്ദീക് അഹ്മദ്, ഹഷ്മത്ത് ഖാൻ, ഭീം സിങ്, മവാസി റാം, മുഹമ്മദ് ഫാറൂഖ്, ലുഖ്മാൻ ഖാൻ, അബ്്ദുൽ വഹീദ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ ‘മേവാത് ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. അൽ ജാമിഅ ഓഫ് കാമ്പസ് ചെയർമാൻ കെ.കെ മമ്മുണ്ണി മൗലവി, ശറഫുദ്ദീൻ മേവാതി, മുഹമ്മദ് ഇൽയാസ്, മുഹമ്മദ് അസ്ലം, ഹാജി ശംസാദ്, ഇ.ആർ. ഖലീഖുസ്സമാൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. കാമ്പസ് ഡയറക്ടർ ശിബ്ലി അർസലാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.