മഞ്ചേരി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ചിത്രം സി.പി.ഐ ജില്ല സമ്മേളന ബോർഡിൽ. ഈ മാസം 17ന് ആരംഭിക്കുന്ന മലപ്പുറം ജില്ല സമ്മേളനത്തിന്‍റെ പ്രചാരണ ഭാഗമായി എ.ഐ.എസ്.എഫ് മഞ്ചേരി മണ്ഡലം കമ്മിറ്റി മഞ്ചേരിയിൽ സ്ഥാപിച്ച ബോർഡിലാണ് ഇരുവരുടെയും ചിത്രം ഉൾപ്പെടുത്തിയത്.
രാജ്യത്ത് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രമുഖരുടെ ചിത്രങ്ങളുമുണ്ട്. 'റിപീൽ യു.എ.പി.എ' എന്നും 'യു.എ.പി.എ കരിനിയമം പൊതുപ്രവർത്തകർക്കെതിരെ ചുമത്താൻ പാടില്ല' എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ പ്രകാരം പൊലീസ് പിടികൂടിയത്. ഇരുവർക്കും പിന്നീട് സുപ്രീംകോടതിയിൽനിന്നാണ് ജാമ്യം ലഭിച്ചത്. ഇടതുസർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസുതന്നെ യു.എ.പി.എ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.പി.ഐ ജില്ല സമ്മേളനങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. മലപ്പുറത്തും ഇതാവർത്തിക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.