ആലപ്പുഴ: മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം ഇഴയുന്നതിനാൽ ജനറൽ ആശുപത്രിയിലെ പണിപൂർത്തിയായ ഏഴുനില കെട്ടിടം നോക്കുകുത്തിയാകുന്നു.കിടത്തിച്ചികിത്സ വിപുലീകരിക്കാനും ശസ്ത്രക്രിയയടക്കം സൗകര്യങ്ങൾക്കുമായി കിഫ്ബിയിൽനിന്ന് 117 കോടി ചെലവഴിച്ച് നിർമിച്ചതാണ് കെട്ടിടം. ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്താനാകാത്ത സാഹചര്യത്തിൽ രോഗികളും ദുരിതത്തിലാണ്.
ആലപ്പുഴ മെഡിക്കൽ കോളജ് വണ്ടാനത്തേക്ക് മാറിയപ്പോൾ പഴയ മെഡിക്കൽ കോളജ് കെട്ടിടമാണ് ജനറൽ ആശുപത്രിക്ക് വിട്ടുനൽകിയത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട മന്ത്രിമാരായിരുന്ന ജി. സുധാകരനും ഡോ. തോമസ് ഐസക്കും മുൻകൈയെടുത്താണ് ഏഴുനില കെട്ടിടത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്. 2020 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ച് ഏതാണ്ട് പൂർത്തിയായ കെട്ടിടമാണ് മൂന്നുവർഷത്തിന് ശേഷവും തുറക്കാത്തത്.
ആശുപത്രിയിൽനിന്ന് പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ നിർമാണം കഴിഞ്ഞ നവംബറിൽ പൂർത്തീകരിക്കുമെന്നും ഈവർഷം ജനുവരിയിൽ ആശുപത്രി തുറന്ന് നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, പ്ലാന്റിന്റെ നിർമാണം കഴിഞ്ഞമാസമാണ് ആരംഭിക്കാനായത്.
പ്ലാന്റ് പൂർത്തിയായാൽ മാത്രമേ പ്ലംബിങ്ങും വയറിങ്ങും ഉൾപ്പെടെ മറ്റ് ജോലികൾ പൂർത്തിയാക്കി കെട്ടിടം ഉപയോഗിക്കാൻ കഴിയൂ. ജനറൽ ആശുപത്രിയിലെ സ്ഥലപരിമിതിയും ബുദ്ധിമുട്ടുകളും കാരണം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്തതിനാൽ സർജറി അടക്കം ആവശ്യങ്ങൾക്ക് വണ്ടാനം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.