മുക്കം: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി കുടുംബത്തിൽനിന്ന് 23 ലക്ഷം രുപ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ മാന്നാർ സ്വദേശി റോണി (40) നെയാണ് മുക്കം മാമ്പറ്റ കെ.എം.സി.ടി. ആശുപത്രിക്ക് സമീപം വാടക വീട്ടിൽനിന്ന് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് നടപടി. റോയിയും മകൻ രഞ്ജിത്തും രഞ്ജിത്തിെൻറ ഭാര്യയും പ്രതി റോണിയും ഭാര്യയും കുവൈത്തിൽ അബ്ബാസിയയിൽ ഒന്നിച്ചായിരുന്നു താമസം.
രഞ്ജിത്തിെൻറ ഭാര്യക്ക് കുവൈത്തിലെ പ്രമുഖ എണ്ണ കമ്പനിയുടെ ആശുപത്രിയിൽ നഴ്സിങ് ജോലി സംഘടിപ്പിച്ചു കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് രഞ്ജിത്തിൽനിന്നും കുവൈത്തിൽ വെച്ച് എട്ടു ലക്ഷവും പിതാവ് റോയിയിൽ നിന്ന് നാട്ടിൽ വെച്ച് 15 ലക്ഷവും കൈപ്പറ്റിയെന്നാണ് പരാതി. പണം വാങ്ങിയ ശേഷം റോണി നാട്ടിൽനിന്ന് മുങ്ങിയതോടെ റോയി എട്ടു മാസം മുമ്പ് ഗാന്ധിനഗർ പൊലീസിലും കോട്ടയം എസ്.പിക്കും പരാതി നൽകി. പ്രതിയെ കണ്ടെത്താത്തതിനെ തുടർന്ന് ഏറ്റുമാനൂർ സബ് കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിലാണ് റോണി പിടിയിലായത്. ഒറ്റപ്പാലം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ ഒളിവിൽ കഴിയവെ പൊലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ മുങ്ങിയ ഇയാൾ നാലു മാസത്തോളമായി കെ.എം.സി.ടിക്ക് സമീപം വീട് വാടകക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.
ആലപ്പുഴ, റാന്നി, മാന്നാർ ഭാഗങ്ങളിലും ഇയാൾ സമാനമായ രീതിയിൽ പലരെയും വഞ്ചിച്ച് ഒന്നേമുക്കാൽ കോടി രൂപയോളം കൈക്കലാക്കിയതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.