ആലക്കോട് (കണ്ണൂര്‍): സുഡാനിലെ ആഭ്യന്തര കലാപത്തില്‍ മരിച്ച ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും സുരക്ഷിതരായി നാട്ടിലെത്തി. ജിദ്ദയില്‍നിന്ന് വ്യാഴാഴ്ച പകല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇരുവരും രാത്രി എട്ടോടെയാണ് ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിയത്. സുഡാനില്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ടിനൊപ്പം അവധിക്കാലം ചെലവിടാന്‍ ഒരുമാസം മുമ്പാണ് സൈബല്ലയും മകള്‍ മരീറ്റയും സുഡാനിലെത്തിയത്.
സുഡാന് സൈന്യവും അര്‍ധസൈനിക വിഭാഗമായ ആർ.എസ്.എഫും തമ്മില്‍ പൊടുന്നനെയുണ്ടായ ഏറ്റുമുട്ടലിനിടെ ഇക്കഴിഞ്ഞ 15നാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന് വെടിയേറ്റു മരിച്ചത്. ആല്‍ബര്‍ട്ട് താമസിച്ചിരുന്ന ഫ്ലാറ്റിലെ താമസക്കാരനായ മലപ്പുറം സ്വദേശി മൊയ്തീനും ഇവരെ അനുഗമിച്ച് നാട്ടിലെത്തി. ആല്‍ബര്‍ട്ട് വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇരുവര്‍ക്കും സംരക്ഷണം നല്‍കിയത് മൊയ്തീനാണ്.
തുടർന്ന് ഇവരെ കഴിഞ്ഞദിവസം ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഗെസ്റ്റ് ഹൗസില്‍ സുരക്ഷിതരായി എത്തിക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് അനുഗമിക്കുകയുമായിരുന്നു. കണ്മുന്നില് പ്രിയതമന് വെടിയേറ്റു മരിച്ചതിന്റെ ആഘാതത്തില്‍ തകര്‍ന്നുപോയ സൈബല്ലയും മകളും ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ക്കൊപ്പം അണ്ടര്‍ ഗ്രൗണ്ടിലും ഇടനാഴിയിലുമായാണ് കഴിഞ്ഞത്. 10 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഗെസ്റ്റ് ഹൗസിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്. പിന്നാലെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപറേഷന് കാവേരി ദൗത്യത്തിന്റെ ഭാഗമായി ഇവര്‍ക്ക് ജിദ്ദയിലേക്കും അവിടെ നിന്നു നാട്ടിലേക്കെത്താനും വഴിതുറക്കുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ വീട്ടിലെത്തിയ ഇവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേര് എത്തി. വിദേശത്ത് പഠനത്തിനായി പോയിരുന്ന മകന് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.