മദ്യക്കച്ചവടവും മദ്യവര്‍ജനവും ശക്തമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍െറ (ബെവ്കോ) മദ്യവിപണനശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മദ്യക്കച്ചവടം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബെവ്കോ വിപണനശാലകള്‍ എത്രയുംവേഗം മാറ്റിസ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. അതേ യോഗത്തില്‍ തന്നെ മദ്യത്തിനെതിരായ ‘വിമുക്തി’ പദ്ധതി കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദേശിച്ചു.

വിപണനശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിലൂടെ മദ്യവില്‍പന ശക്തമാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ചുക്കാന്‍ പിടിക്കേണ്ട ഉദ്യോഗസ്ഥരെ തന്നെയാണ് മദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കുന്നതും. ഇതിലെ വിരോധാഭാസം പല കോണുകളില്‍നിന്ന് ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

ജനുവരി 30ന് മുമ്പ് എല്ലാ ബെവ്കോ വിപണനശാലകളും മാറ്റിസ്ഥാപിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. അതേസമയം, വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശിച്ചു. വിമുക്തി പദ്ധതിയുടെ ഭാഗമായി തയാറാക്കുന്ന ലഹരിവിരുദ്ധ സ്റ്റിക്കറുകള്‍ മാര്‍ച്ച് എട്ടു മുതല്‍ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടുംബശ്രീ മുഖേന എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മദ്യത്തിന്‍െറ ഉപഭോഗം കുറച്ചുകൊണ്ടുവരാനാകുമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാലിത് ഫലം കാണില്ളെന്ന് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ളെന്നാണ് സുപ്രീംകോടതി വിധി. ഇതിനെതുടര്‍ന്ന് ബെവ്കോ വിപണനശാലകള്‍ മാറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധങ്ങളെ പാര്‍ട്ടി പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് ഒതുക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. എന്നാലിതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

 

Tags:    
News Summary - alcohol ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.