കോട്ടയം: സ്വകാര്യ ദീർഘദൂര സൂപ്പർക്ലാസ് ബസുകൾ അതിവേഗത്തിൽ ഏറ്റെടുത്ത് കെ.എസ്.ആർ.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് കാസർകോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീർഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2013-14 കാലഘട്ടത്തിൽ യു.ഡി.എഫ് സർക്കാറാണ് സ്വകാര്യ സൂപ്പർക്ലാസ് സർവിസുകൾ ഏറ്റെടുത്തത്. എന്നാൽ, മിക്ക സർവിസുകളും നിലനിർത്താൻ സ്വകാര്യ ബസ് ലോബിക്കു സാധിച്ചിരുന്നു. ഒരു ഘട്ടത്തിൽ 140 കിലോമീറ്ററിനു മുകളിൽ റൂട്ട് ദൂരമുണ്ടായിരുന്ന സ്വകാര്യ മലബാർ സർവിസുകൾ ലിമിറ്റഡ് ഓർഡിനറിയായി ഓടിക്കാൻ അന്നത്തെ സർക്കാർ നിയമവിരുദ്ധ ഉത്തരവിറക്കിയെങ്കിലും ഹൈകോടതി ദിവസങ്ങൾക്കകം ഉത്തരവ് റദ്ദാക്കി.
എന്നിട്ടും ചില സ്വകാര്യ ബസുകൾ പെർമിറ്റില്ലാതെ സർവിസ് തുടർന്നു. ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറിൽ 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ സ്വകാര്യ പെർമിറ്റ് നൽകാൻ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.
ഇത് വിവാദമായതോടെ ശബരിമല സീസൺ കഴിഞ്ഞാൽ 140 കിലോമീറ്ററിനു മുകളിൽ കൊടുത്ത താൽക്കാലിക പെർമിറ്റുകൾ റദ്ദാക്കുമെന്നും 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇവ മുഴുവൻ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
എരുമേലി-ചന്ദനക്കാംപാറ, പുനലൂർ- ചിറ്റാരിക്കൽ, പത്തനാപുരം-ചന്ദനക്കാംപാറ, പത്തനംതിട്ട-മാനന്തവാടി, കോട്ടയം-ബന്ദടുക്ക, കോട്ടയം-പഞ്ചിക്കൽ, കോട്ടയം-പാണത്തൂർ, കോട്ടയം-പെരിക്കല്ലൂർ, കോട്ടയം-മാനന്തവാടി, മുണ്ടക്കയം-കൊന്നക്കാട്, കോട്ടയം-അമ്പായത്തോട്, കുമളി-കൊന്നക്കാട്ട്, പൊൻകുന്നം-പാണത്തൂർ, ഇളംകാട്-പാണത്തൂർ, റാന്നി-കൂടിയാൻമല, കോരുത്തോട്-പാണത്തർ എന്നീ സ്വകാര്യ സർവിസുകളാണ് കെ.എസ്.ആർ.ടി.സി കഴിഞ്ഞയാഴ്ച ഏറ്റെടുത്ത് ഓടിച്ചു തുടങ്ങിയത്.
തൃശൂർ-കുറ്റിപ്പുറം-കോഴിക്കോട് റൂട്ടിൽ തന്നെ 23 സർവിസാണ് എത്തുന്നത്. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ കുറ്റിപ്പുറം വഴിയുള്ള പല പരമ്പരാഗത ദീർഘദൂര സർവിസുകളും നേരത്തേ തന്നെ വാടാനപ്പള്ളി, പൊന്നാനി, ചമ്രവട്ടം, തിരൂർ, താനൂർവഴി മാറ്റിവിട്ടിരുന്നു. 2013ൽ പൂർണമായി ദേശസാത്കരിച്ച ചമ്രവട്ടം പാലത്തിലൂടെ 10 വർഷം കഴിഞ്ഞാണ് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ ആരംഭിച്ചത്.
സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു തൃശൂർ-വാടാനപ്പള്ളി- പൊന്നാനി-ചമ്രവട്ടം-കോഴിക്കോട് റൂട്ട്. അവിടെ ഓടി തുടങ്ങിയ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതുതായി 17 ടേക്ഓവർ കെ.എസ്.ആർ.ടി.സി ബസുകൾ എത്തി. പുനലൂർ, പത്തനംതിട്ട, എരുമേലി, പാലാ, തൊടുപുഴ നഗരങ്ങൾ ബന്ധിപ്പിച്ച് തിരുവനന്തപുരം-തൃശൂർ ഗ്രീൻറൂട്ടും കെ.എസ്.ആർ.ടി.സി ആരംഭിച്ചു.
തിരക്കേറിയ ആലപ്പുഴ വഴിയുള്ള ദേശീയ പാതക്കും കോട്ടയം വഴിയുള്ള എം.സി റോഡിനും ബദലായി ഗതാഗതത്തിരക്ക് ഒട്ടുമില്ലാത്ത കിളിമാനൂർ, ആയൂർ, പുനലൂർ, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ റൂട്ടിലൂടെ കൂടുതൽ ദീർഘദൂര ബസുകൾ ഓടിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
അരമണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, പാലാ, തൊടുപുഴ, തൃശൂർ റൂട്ടിൽ ഒരു ബസ് എന്നതാണ് തീരുമാനം. നിലവിൽ നാലെണ്ണം ഓടി തുടങ്ങി. ബസുകൾ പുനർക്രമീകരിച്ച് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ റൂട്ടിൽ സൂപ്പർ ക്ലാസ് ചെയിൻ ഓടിക്കാനുള്ള നടപടികൾ പൂർത്തിയാകുകയാണ്. ടേക്ഓവർ പൂർണമായി നടപ്പാക്കി കഴിയുമ്പോൾ അരമണിക്കൂർ ഇടവേളയിൽ തിരുവനന്തപുരം, പത്തനംതിട്ട, പാലാ, തൃശൂർ സൂപ്പർക്ലാസ് ചെയിൻ സർവിസ് യാഥാർഥ്യമാകും.
കോട്ടയം: 140 കിലോമീറ്ററിനു മുകളിൽ സർവിസ് നടത്തുന്നവയിൽ ഏറ്റവും കൂടുതൽ ടേക്ഓവർ സർവിസുകളുള്ളത് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ സെൻട്രൽ സോണിലായിരുന്നു. ആകെ 106 എണ്ണം.
ഇവയിൽ 69 എണ്ണം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഓടി തുടങ്ങി. ഇനി 37 എണ്ണം കൂടി ഏറ്റെടുക്കാനുണ്ട്. മലബാർ മേഖലയിലെ 84 സർവിസുകളിൽ 50 എണ്ണം ഓടി തുടങ്ങി. സൗത്ത് സോണിലെ 17 എണ്ണത്തിൽ 14 എണ്ണം ഓടി. ആകെ 290 ടേക്ഓവർ സർവിസുള്ളതിൽ 207 എണ്ണം 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ഓടുന്നതാണ്.
ബാക്കി 83 എണ്ണം 70 കിലോമീറ്റർ മുതൽ 140 കിലോമീറ്റർവരെ ദൂരത്തിൽ ഓടുന്നവയും. 140 കിലോമീറ്റർ കുറഞ്ഞ ദൂരത്തിൽ ഓടുന്ന ടേക്ഓവറുകൾ ടൗൺ ടു ടൗൺ ഓർഡിനറിയോ ഫെയർ സ്റ്റേജ് ലിമിറ്റഡ് ഓർഡിനറിയോ ആയി ഓടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.