മരണത്തിലേക്കുള്ള മൂന്നു വണ്ടികളും നിർത്താതെ പോയപ്പോൾ ജൻസൻ കുര്യൻ ജീവകാരുണ്യത്തിെൻറ വഴിയിലൂടെ നൻമയുടെ വീട്ടിലേക്കു യാത്ര തുടങ്ങി. കാസർകോട് ജില്ലയിൽ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി ഗ്രാമത്തിൽ വാരണാക്കുഴി കുര്യൻ, ലീലാമ്മ ദമ്പതികളുടെ മകനാണ് ജൻസൻ. നാട്ടുകാർക്ക് സഹായിയും അനീതി കണ്ടാൽ കലഹിക്കുന്നയാളുമായിരുന്നു..
നാടിെൻറ ആഘോഷങ്ങളിൽ അയാൾ സജീവ പങ്കാളിയായി. 22ാം വയസിൽ ഗൾഫിലേക്ക് വിമാനം കയറി. ദുബായിൽ, പല ജോലികൾ ചെയ്തു. ആറു വർഷങ്ങൾക്കു ശേഷം പിതാവിനു അർബുദ ബാധ സ്ഥിരീകരിച്ചപ്പോൾ നാട്ടിലേക്കു മടങ്ങി. സമ്പാദിച്ചതെല്ലാം പിതാവിെൻറ ചികിത്സക്ക് ചെലവഴിച്ചു. 28ാം വയസിൽ കാസർകോട് ചെർക്കളയിലെ സിമന്റ് ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലിക്കാരനായി.
2018 ഏപ്രിൽ 28ന് ജൻസൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ. ചെർക്കളയിൽ പൂട്ടിക്കിടന്ന സിമന്റ് ഇഷ്ടിക നിർമ്മാണ യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഏറ്റെടുത്തത് ഇക്കാലത്താണ്. നാട്ടിലുള്ള ചിലർക്ക് ജോലി കൊടുക്കുക കൂടിയായിരുന്നു ലക്ഷ്യം.
2017 ക്രിസ്മസ് തലേന്ന് രാത്രി. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ജൻസൻ. റോഡിൽനിന്നും 300 മീറ്റർ ഇടവഴിയിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്. ചെറിയ കയറ്റമുള്ള ഒറ്റയടിപ്പാത.. മൊബൈൽഫോൺ ഓഫായിപ്പോയതിനാൽ വെളിച്ചമില്ല. വഴി പാതിയോളം പിന്നിട്ടു. ഒരു കല്ലിൽ കയറിയപ്പോൾ കാലിടറി. അഞ്ചടിയോളം ഉയരത്തിലുള്ള മൺതിട്ടയുടെ മുകളിൽനിന്ന് അയാൾ താഴേക്കു വീണു.. പിന്നാലെ ഒരുവലിയ കല്ലുകൂടി നെഞ്ചത്തു വീണു. പിന്നെയൊന്നും ഓർമയില്ല.
രണ്ടുദിവസം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ബോധം വന്ന പ്പോൾ ശരീരം അനക്കാനായില്ല. സഹായത്തിന് നഴ്സുമാരെ വിളിച്ചു. അവർ ഓടിയെത്തി. കുറച്ചുകഴിഞ്ഞപ്പോൾ ഡോക്ടറും. ജൻസൻ പലതും ചോദിച്ചുകൊണ്ടിരുന്നു. ആരും ഉത്തരം പറഞ്ഞില്ല.
അവിടേക്കെത്തിയ സീനിയർ ഡോക്ടറാണ് പറഞ്ഞത്, "വീഴ്ചയിൽ ശരീരത്തിന് ചില പരിക്കുകളുണ്ട്. കുറച്ചുനാൾ കിടന്നിട്ട് പോകാം..." എന്ന്. ആശുപത്രി വാസത്തിനിടെ കാണാൻ വന്നവർ സഹതപിച്ചു കൊണ്ടിരുന്നു. അയാൾ കളിചിരികളിൽ മുഴുകി അതിനെ മറികടക്കാൻ ശ്രമിച്ചു.
പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പഴയ അവസ്ഥയിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ യായിരുന്നു മനസ് നിറയെ. ഒരു വൈകുന്നേരം സന്ദർശനത്തിനെത്തിയ ജൻസന്റെ പിതാവിന്റെ അനുജൻ യാഥാർഥ്യങ്ങൾ അയാളെ ബോധ്യപ്പെടുത്തി:
"സ്പൈനെൽകോഡ് ഇൻജുറിയാണ്. ഇനി എഴുന്നേറ്റുനടക്കാൻ കഴിയുമെന്നു തോന്നുന്നില്ല..."
പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും അയാൾ കേട്ടില്ല. ആ വാക്കുകൾ ജൻസനെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വപ്നങ്ങൾ തകർന്നു വീഴുന്ന വേദനയിൽ മനസ് നീറിപ്പുകഞ്ഞു. നിവർന്നുനിൽക്കാൻ ആകില്ലെന്ന യാഥാർഥ്യം അവനെ കൂടുതൽ തളർത്തി. ദിവസങ്ങൾക്കകം ആശുപത്രി വിട്ടു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും തോളിലേറി മലമുകളിലുള്ള വീട്ടിലെത്തി. അതിനിടെ, ജീവിതത്തിൽ കൂട്ടിനെത്തുമെന്ന് പ്രതീക്ഷിച്ചവൾ കൈവിട്ടുപോയി. ഇതിെൻറ നഷ്ടബോധവും ഇത്രയും കാലത്തിനിടെ വിവാഹിതനാവാൻ കഴിയാത്തതിൻറെ നിരാശയും ജയ്സനെ മാനസികമായി തളർത്തി. ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിച്ചു.
ഒരു രാത്രി എല്ലാവരും ഉറങ്ങിയ നേരം. ശരീരമൊന്നിളകാൻ ജനലിൽ കെട്ടിയ കയറിൽ കുരുക്കുണ്ടാക്കി. അത് കഴുത്തിലിട്ട് കട്ടിലിനു പുറത്തേക്ക് മറിഞ്ഞുവീഴാൻ ശ്രമിച്ചു നോക്കി. ഒന്നു കൂടിനോക്കി, പിന്നൊന്നുകൂടി, പിന്നെ പല പ്രാവശ്യം... നെഞ്ചിനു താഴെ കല്ലുപോലെ ഉറച്ച ശരീരഭാഗം അല്പം പോലും അനങ്ങാൻ കൂട്ടാക്കിയില്ല.. രാത്രി വൈകിയും നേരംപുലരും വരെയും പലതവണ ശ്രമിച്ചു നോക്കി. തളർന്നുറങ്ങാനായിരുന്നു വിധി.
രണ്ടാം ശ്രമം കൈ ഞരമ്പ് മുറിക്കാനായിരുന്നു. അവൻ വീട്ടുകാർ അറിയാതെ ഒരു ബ്ലേഡ് കൈക്കലാക്കി. ഒരു രാത്രി നാടും വീടും ഉറങ്ങിയപ്പോൾ അവൻ അതിനു തയാറായി. ബ്ലേഡെടുത്തു. ബ്ലേഡ് ശരീരത്തിൽ തൊടുമ്പോൾ തികട്ടൽ വരുന്നു. ജീവിതം നശിപ്പിക്കാനൊരു മടി, ആരോ തടയുന്നതു പോലെ. മടിയും നിശ്ചയവും ഏറ്റുമുട്ടി. പകലുണർന്നപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ അവനുമുണർന്നു.
പിറ്റേന്നു രാത്രിയും ശ്രമിച്ചു നോക്കി, പരാജയമായിരുന്നു ഫലം. ആരോ ആശുപത്രിയിലെത്തിച്ചു. വെളിച്ചത്തിലെപ്പോഴോ അവൻ ഉറങ്ങിപ്പോയി. രണ്ടു ദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവരുടെ തോളിലേറി മലകയറി വീട്ടിലെത്തി. പിന്നീടുള്ള നാളുകൾ ഉപദേശങ്ങളുടെയും ശാസനകളുടേതുയുടേതുമായിരുന്നു. പലരും വന്നു, പലതും പറഞ്ഞു. കലങ്ങിയ മനസിലേക്ക് ഒന്നും കയറി യില്ല.
മരണത്തിനൊരു സഹായം തേടിയുള്ള ശ്രമമായിരുന്നു ജൻസൺ പിന്നീടു നടത്തിയത്. പല പരിചയങ്ങൾ, പല അന്വേഷണങ്ങൾ... സുഹൃത്തുകൾ.. പലരും പിന്തിരിഞ്ഞു. പിന്നെ, കൂടെ പണിയെടുത്തവർ... പണ്ടെങ്ങോ കണ്ടുമറന്നവർ... എല്ലാവരെയും ബന്ധപ്പെട്ടു. അവസാനം അവന്റെ ദുരിതാവസ്ഥ മനസിലാക്കിയ ഒരു സംഘം സഹായിക്കാമെന്നേറ്റു. ''മരണത്തിന് ഒരു കൈ സഹായം മാത്രം മതി'' ഇതായിരുന്നു അവന്റെ ആവശ്യം. അവർ പാതി മനസോടെ സമ്മതം മൂളി.
നാലുനാളുകൾക്കു ശേഷം അവർ വിളിച്ചു. രാത്രി 12ന് എത്താമെന്ന് ഉറപ്പുനൽകി. അവർക്കു കൊടുക്കാൻ അടുത്ത ബന്ധുവിനോട് പണം കടം വാങ്ങി. രാത്രിയായതോടെ അവൻ മനസിനെ മരണത്തോട് ചേർത്തു. വിളക്കണയും മുമ്പ് മാതാപിതാക്കളെ വിളിച്ച് ഉറങ്ങാൻ അനുവാദം വാങ്ങി. പക്ഷേ, ആരും വന്നില്ല..
ആ രാത്രി പോയ് മറഞ്ഞു. നേരം പുലർന്നു. മനസുമാറി. ജീവിക്കാൻ തീരുമാനിച്ചതായി നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചറിയിച്ചു. എല്ലാവരും എത്തി.
ജൻസനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ ഡോക്ടറുടെ സ്നേഹപൂർണമായ ചികിത്സയിലൂടെ അവൻ വീൽചെയറിൽ ഇരിക്കാൻ പഠിച്ചു.
മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി നാട്ടിൽ തിരിച്ചെത്തി. സമാനമായ അവസ്ഥ നേരിട്ട്, ജീവിതത്തിൽ വിജയിച്ച, മാലക്കല്ലിലെ ബെന്നിയുടെ കൂടെ കുറച്ചുകാലം താമസിച്ചു. ബെന്നിയിൽനിന്ന് വീൽചെയർ ജീവിതം പരിചയിച്ചു. വീണ്ടും വീട്ടിലേക്ക്.
അഞ്ചു സെന്റ് സ്ഥലം വാങ്ങി. ഇനി അവിടെ ഒരു ചെറിയ കെട്ടിടം പണിയണം. താഴത്തെ നിലയിൽ ഒരു കടമുറിയും പിന്നെ അവന് താമസിക്കാൻ ഒരിടവും. മുകളിലത്തെ നിലയിൽ വാടകക്ക് നൽകാനൊരു താമസസ്ഥലവും. ചെറിയ വരുമാനവുമാകുമല്ലോ. കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കള്ളാറിലെ വിനിൽ ജോസഫ് ഉൾപ്പെടെയുള്ള സഹപാഠികളുടെ സഹായത്തോടെയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.
വീട് നിർമ്മാണത്തിന് സഹായം തേടി പഞ്ചായത്തിന് അപേക്ഷ നൽകിയപ്പോൾ വിവാഹം കഴിക്കാതെ തനിച്ചു താമസിക്കുന്നവർക്ക് സഹായം നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ജൻസെൻറ കാൻസർ രോഗിയായ പിതാവും വയോധികയായ അമ്മയും സഹോദരനും അവരുടെ കണ്ണിൽപ്പെട്ടില്ല. നാട്ടുകാരും കൂട്ടുകാരും സഹായിച്ചതിലേറെയും ചികിത്സയ്ക്കായി ചെലവഴിച്ചു. ബാക്കി പണവും പിന്നെ കടവും വാങ്ങിയാണ് അവൻ സ്ഥലം വാങ്ങിയത്.
ആർക്കെങ്കിലും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയാൽ 7356269050 എന്ന നമ്പറിൽ അവനെ വിളിക്കാം. അവൻ പറയും 'മരണത്തെ തോൽപ്പിച്ച കഥ'. ഏതവസ്ഥയിലും ജീവിതത്തെ സ്നേഹിക്കാനും വിജയിക്കാനുമാകുമെന്ന പാഠം.
അടുത്ത കാലത്ത് വികലാംഗ പെൻഷൻ കുടിശികയായി ലഭിച്ച 6000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകിയതോടെയാണ് ഈ യുവാവിവിൻറെ ദുരിതജീവിതം വീണ്ടും വാർത്തകളിൽ ഇടം നേടിയത്.
ജൻസെൻറ നേതൃത്വത്തിൽ തന്നെപ്പോലെ അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ വാട്സ്ആപ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. അതിൽ 138 അംഗങ്ങൾ ഉണ്ട്. വീണുകിടക്കുന്നവർക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ സാധിക്കുമെന്ന് കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം.
ഇനി സഹായത്തിനൊരു ജീവിത പങ്കാളിയെ കണ്ടെത്തണം. എനിക്ക് പറ്റുന്ന ഒരാളെ കിട്ടിയാൽ നന്നായിരുന്നു. അമ്മക്ക് പ്രായം കൂടി വരികയല്ലേ. സഹായത്തിന് ഒരാെളില്ലാതെ പറ്റില്ല. കാൻസർ രോഗിയായ പിതാവിന് നല്ല ചികിത്സ ലഭ്യമാക്കണം. തനിക്ക് പരസഹായമില്ലാതെ സഞ്ചരിക്കാൻ തനിയെ പ്രവർത്തിക്കുന്ന വീൽ ചെയർ വേണം. ജയ്സെൻറ ആഗ്രഹങ്ങളിതാണ്. ജീപ്പ് െഡ്രെവറായ ജയ്സനാണ് സഹോദരൻ. സഹോദരി ആശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.