തിരുവനന്തപുരം: സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം ഓണത്തിനും സംസ്ഥാനത്തെ എല്ലാ മഞ്ഞ കാർഡുടമകൾക്കും ഓണക്കിറ്റ് കിട്ടില്ല. 5,86,875 കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കുമെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് അറിയിച്ചെങ്കിലും 14,154 റേഷൻ കടകളിലായി ഇതുവരെ എത്തിയത് 62,200 കിറ്റുകൾ മാത്രം. മൂന്നുലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇവ എന്ന് കടകളിലെത്തുമെന്ന ചോദ്യത്തിന് ജില്ല സപ്ലൈ ഓഫിസർമാർക്കും ഉത്തരമില്ല. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടുപോലും 120 മഞ്ഞ കാർഡുള്ള റേഷൻ കടയിൽ ഇതുവരെ എത്തിച്ചത് 10 കിറ്റുകൾ മാത്രമാണ്. കാട്ടാക്കട താലൂക്കിലെ പല കടകളിലും അഞ്ച് കിറ്റുകൾ മാത്രമാണ് ഇതുവരെയെത്തിയതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
അതേസമയം പ്രതിപക്ഷത്തിന്റെയും കാർഡുടമകളുടെയും കണ്ണിൽ പൊടിയിടുന്നതിനുവേണ്ടി ഇ-പോസ് മെഷീനിൽ ഓരോ കടകളിലെത്തിയ കിറ്റുകളുടെ എണ്ണം 50 മുതൽ 60 വരെ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. കടയിലെത്താത്ത കിറ്റുകളുടെ എണ്ണം മെഷീനിൽ രേഖപ്പെടുത്തി കിറ്റുവിതരണം പെരുപ്പിച്ച് കാട്ടുന്നതിനെതിരെ റേഷൻ സംഘടനകൾ അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 34,462 മഞ്ഞ കാർഡുകാരുള്ള കോട്ടയം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 96 കിറ്റുകളാണ്. 51,497 കാർഡുകളുള്ള തൃശൂർ ജില്ലയിലാകട്ടെ ഇന്നലെ രാത്രിവരെ കടകളിലെത്തിയത് 214 കിറ്റുകൾ. 60,664 കാർഡുടമകളുള്ള തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കിറ്റുവിതരണം നടന്നിട്ടുള്ളത് -16270. തൊട്ടുപിന്നിൽ പാലക്കാടാണ്. 48,967 മഞ്ഞ കാർഡുള്ള ഇവിടെ ഇന്നലെവരെ രാത്രിവരെ വിതരണം ചെയ്തത് 7073 കിറ്റുകൾ മാത്രം.
ഇന്നും നാളെയും റേഷൻ കടകൾ തുറക്കും. എന്നാൽ, 29 മുതൽ 31വരെ കടകൾ അവധിയാണ്. ഈ സാഹചര്യത്തിൽ കിറ്റ് വിതരണം നീട്ടുന്നതിനുള്ള ആലോചനയിലാണ് ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്കാണ് ഇത്തവണ സർക്കാർ ഓണക്കിറ്റ് നൽകുന്നത്. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പുവരെ 13 ഇനങ്ങളാണ് കിറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.