കോഴിക്കോട്: അച്ചടക്ക ലംഘനങ്ങളുടെ പേരിൽ സി.പി.എം സസ്പെൻഡ് ചെയ്ത മുൻ എം.എൽ.എ ജോർജ് എം. തോമസിനെതിരായ ആരോപണങ്ങളിൽ ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിതയുടെ മാതാവിന്റെ രണ്ടാം ഭർത്താവ്. ജോർജ് എം. തോമസ് ആരോപണം നേരിടുന്ന പോക്സോ കേസിലെ പ്രതി കൂടിയായ ഇയാൾ ജയിലിൽനിന്ന് പരോളിലിറങ്ങിയപ്പോൾ മറ്റൊരാളോട് മൊബൈൽ ഫോണിൽ സംസാരിച്ചതിന്റേതായി പറയുന്ന ശബ്ദരേഖയാണിപ്പോൾ ചർച്ചയാവുന്നത്.
പോക്സോ കേസിൽ പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈ.എസ്.പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും ശബ്ദരേഖയിലുണ്ട്. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതിന് പ്രതിഫലമായി ഡിവൈ.എസ്.പിക്ക് വയനാട്ടിൽ റിസോർട്ടും ഭൂമിയും നൽകി. ഇരയായ പെൺകുട്ടിയുടെ മൊഴി മാറ്റിച്ചാൽ വീട് നൽകാമെന്ന് തനിക്ക് വാഗ്ദാനം നൽകി. എന്നാൽ, ആ വീട് അവർ മറിച്ചുവിറ്റ് മറ്റൊരു ചെറിയ വീടാണ് നൽകിയത്. മാസം പതിനായിരം രൂപ വീതം നൽകാമെന്നു യഥാർഥ പ്രതികൾ പറഞ്ഞെന്നും ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖ കൂടി പുറത്തുവന്നതോടെ വർഷങ്ങൾക്കുമുമ്പുള്ള പോക്സോ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേസിൽ പെൺകുട്ടിയുടെ മാതാവ്, ഇവരുടെ രണ്ടാം ഭർത്താവ്, മുഹമ്മദ് ജമാൽ, വിച്ചി എന്ന് വിളിപ്പേരുള്ള ആൾ എന്നിങ്ങനെ നാല് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ തുടക്കത്തിൽ തന്നെ അറസ്റ്റുചെയ്തു. വിച്ചി എന്നത് അബൂബക്കർ സിദ്ദീഖ് എന്നയാളാണെന്നിരിക്കെ മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയെ വിച്ചിയാക്കി പിന്നീട് അറസ്റ്റുചെയ്യുകയും ഇയാളെ ശിക്ഷിക്കുകയുമായിരുന്നു. ഈ അട്ടിമറിയാണ് അന്നത്തെ എം.എൽ.എയുടെ ഒത്താശയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയത് എന്നാണ് ആക്ഷേപം. കോൺഗ്രസുകാർ നയിക്കുന്ന ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിക്ക് വഴിവിട്ട് അംഗീകാരം വാങ്ങിനൽകി, പാർട്ടി ഓഫിസ് നിർമാണത്തിന് അനധികൃത മാർഗത്തിലൂടെ 25 ലക്ഷം രൂപ സംഭാവന വാങ്ങി തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതോടെയാണ് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ജോർജ് എം. തോമസിനെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.