പി.വി .അൻവറിന്റെ ആരോപണം; മുഖ്യമന്ത്രി മറുപടി പറയണം- കെ. സുരേന്ദ്രൻതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.എം സഹയാത്രികനായ എം.എൽ.എ പി.വി. അൻവർ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എ.ഡി.ജി.പി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നാണ് പി.വി. അൻവർ പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. സ്വർണ കടത്തുകാരുമായും അധോലോക മാഫിയയുമായും ലോ ആൻഡ് ഓർഡർ ചുമതലയുള്ള എ.ഡി.ജി.പിക്ക് ബന്ധമുണ്ടെന്നാണ് സി.പി.എം എം.എൽ.എ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നാണ് എം.എൽ.എ പറയുന്നത്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല.
ആരോപണം ഉയർന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ ഓഫീസിനും എതിരെയാണ്. എ.ഡി.ജി.പി കൊലപാതകങ്ങൾ നടത്തുന്നയാളാണെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. എ.ഡി.ജി.പി ദേശവിരുദ്ധനാണെന്നും ദാവൂദ് ഇബ്രാഹിമിനെ പോലെയുള്ള വ്യക്തിയാണെന്നും ഭരണകക്ഷിയുടെ എം.എൽ.എ തന്നെ തുറന്നു പറയുകയാണ്. കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വ്യക്തമായിരിക്കുകയാണ്.
സ്വർണ കടത്തുകാരെ സംരക്ഷിക്കുന്നത് സർക്കാറും സി.പി.എമ്മും ആണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞതാണ്. അത് ശരിവെക്കുന്നതാണ് പി.വി. അൻവർ എം.എൽ.എയുടെ ഇപ്പോഴത്തെ വാദം. സ്വർണക്കടത്തിൻറെ 60 ശതമാനം വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോവുകയാണെന്നത് സ്വർണക്കടത്ത് മാഫിയയും പൊലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.