മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസും (സി.ഐ.സി) തമ്മിലുള്ള വിവാദം തുടരുന്നതിന് പിറകിൽ സമസ്തയിലെ ഒരുവിഭാഗം നേതാക്കളുടെ താൽപര്യങ്ങളെന്ന് ആക്ഷേപം. സെപ്റ്റംബർ 22ന് പാണക്കാട്ട് ചേർന്ന സമസ്ത നേതൃയോഗം മുന്നോട്ടുവെച്ച മൂന്നു നിർദേശങ്ങൾ അംഗീകരിച്ച് സി.ഐ.സി നേതൃത്വം കത്ത് നൽകിയിട്ടും ബഹിഷ്കരണ നിർദേശവുമായി മുന്നോട്ടു പോകുന്നത് ഇതിനാലാണെന്ന് പറയപ്പെടുന്നു.
സമസ്ത സ്ഥാപനങ്ങൾക്ക് തയാറാക്കിയ പെരുമാറ്റച്ചട്ടം സി.ഐ.സി അംഗീകരിക്കണമെന്നായിരുന്നു ഒരു നിർദേശം. നേതാക്കളെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളെ സി.ഐ.സി പരസ്യമായി തള്ളിപ്പറയുകയും അത്തരം പോസ്റ്റുകളിടുന്നവർക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു രണ്ടാമത്തെ നിർദേശം. സമസ്തയും സി.ഐ.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സമസ്ത വിളിക്കുന്ന യോഗത്തിൽ സംബന്ധിക്കണമെന്നായിരുന്നു മൂന്നാമത്തെ നിർദേശം.
സമസ്ത ഉന്നയിച്ച മൂന്നു വിഷയങ്ങളും അംഗീകരിച്ച് ഒക്ടോബർ 13ന് സി.ഐ.സി നേതൃത്വം കത്ത് നൽകി. പെരുമാറ്റച്ചട്ടം അംഗീകരിക്കുന്നെന്നും സമൂഹ മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്ന പ്രചാരണങ്ങൾ തള്ളിക്കളയേണ്ടതാണെന്നും അതുമായി സി.ഐ.സിക്ക് ബന്ധമില്ലെന്നും സമസ്ത- സി.ഐ.സി ചർച്ചയെ സ്വാഗതം ചെയ്യുന്നെന്നുമാണ് മറുപടി നൽകിയത്. സി.ഐ.സി കത്ത് നൽകിയ അതേദിവസം വൈകീട്ടാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കമുള്ളവരോട് കോഴിക്കോട്ട് നടക്കുന്ന വാഫി -വഫിയ്യ കലോത്സവ, സനദ്ദാന സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം നൽകിയത്. 12ന് നടന്ന സമസ്ത മുശാവറയുടെ തീരുമാനമെന്ന നിലയിലാണ് കത്ത് നൽകിയത്.
സമസ്ത മുശാവറയിലെ ഏഴ് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട താൽപര്യങ്ങളും വിവാദങ്ങൾക്ക് പിറകിലുണ്ട്. ഒക്ടോബർ 12ന് നടന്ന സമസ്ത മുശാവറക്ക് മുന്നോടിയായി 10ന് മലപ്പുറത്ത് സമസ്ത നേതൃത്വത്തിലെ ഒരുവിഭാഗം യോഗം ചേർന്ന് മുശാവറയിലേക്ക് പരിഗണിക്കേണ്ട ഏഴുപേരുടെ പട്ടിക തയാറാക്കിയിരുന്നു. മലപ്പുറത്ത് നിന്ന് മൂന്നുപേരാണുണ്ടായിരുന്നത്. പട്ടിക ചോർന്നതോടെ പട്ടികയിലുൾപ്പെട്ട ഒരു വിവാദവ്യക്തി മുശാവറയിൽ വരുന്നതിൽ പ്രതിഷേധമുയർന്നു. വിവാദവ്യക്തിക്ക് പുറമെ സമസ്ത ജില്ല സെക്രട്ടറിയെക്കൂടി ഒഴിവാക്കിയാണ് വിഷയം പരിഹരിച്ചത്. വിദ്യാർഥി വിഭാഗത്തിൽ അടുത്തിടെയുണ്ടായ തലമുറമാറ്റവും പുതിയ മുശാവറ അംഗങ്ങളുടെ തെരഞ്ഞെടുപ്പുമടക്കമുള്ള വിഷയങ്ങളിൽ ഒറ്റപ്പെട്ടവരാണ് നേതൃത്വത്തിൽ ഒരുവിഭാഗത്തെ സ്വാധീനിച്ച് വിവാദമു
ണ്ടാക്കുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.